സ്വന്തം ലേഖകൻ: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. തമിഴ്നാട്ടിലെ പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ചാത്തന്നൂർ സ്വദേശികളായ ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് പിടിയിലായത്.
രണ്ടു വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. കേസുമായി നേരിട്ട് ബന്ധമുള്ളവരാണ് ഇവർ. ഇവർക്ക് പെൺകുട്ടിയുടെ പിതാവുമായി സാമ്പത്തിക തർക്കമുണ്ടായിരുന്നു.ഇതേ തുടർന്നാണ് ഇവർ തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് നിഗമനം. കൊല്ലം കമ്മീഷണർ ഓഫീസിലെ സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്.
ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിലായത് ദമ്പതികളും മകനും. കുട്ടിയുടെ പിതാവുമായുള്ള സാമ്പത്തിക തർക്കമാണ് പ്രതികളെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി.
ചാത്തന്നൂർ സ്വദേശികളായ ഇവരെ തെങ്കാശി പുളിയറയൽ നിന്നാണ് കൊല്ലം കമ്മിഷണറുടെ സ്ക്വാഡ് പിടികൂടിയത്. കുട്ടിയുടെ പിതാവിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതിനിടെയാണ് മൂന്നുപേർ കസ്റ്റഡിയിലായത്.
നഴ്സുമാരുടെ റിക്രൂട്മെന്റും നഴ്സിംഗ് പ്രവേശനവുമായും ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണോ തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല. കുട്ടിയുടെ പിതാവ് പത്തനംതിട്ടയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്.
കഴിഞ്ഞദിവസം കുട്ടിയുടെ മൊഴിപ്രകാരം മൂന്ന് രേഖാചിത്രങ്ങള്‍ തയാറാക്കിയിരുന്നു. അതില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. ഇതില്‍ ഒരാളുടെ ചിത്രം റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയുടേതെന്നാണ് പോലീസ് കരുതുന്നത്.
നിലവില്‍ അന്വേഷണം കുട്ടിയുടെ പിതാവിലേക്കും നഴ്സിംഗ് മേഖലയിലേക്കും കേന്ദ്രീകരിക്കുകയാണ്. യുവതിയുമായി കുട്ടിയുടെ അച്ഛന് എന്തെങ്കിലും ബന്ധമുണ്ടൊ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.
കുട്ടിയുടെ അച്ഛന്റെ പശ്ചാത്തലം സംബന്ധിച്ച് പോലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു. നഴ്സുമാരെ വിദേശത്തേക്ക് കയറ്റിവിടുന്ന ചില ബന്ധങ്ങള്‍ ഇയാള്‍ക്കുള്ളതായി പോലീസ് സംശയിക്കുന്നു.
തട്ടിപ്പിനിരയായി പണം നഷ്ടമായ വിരോധത്തില്‍ യുവതിയും മറ്റുചിലരും കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാം എന്ന് പോലീസ് അനുമാനിക്കുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനായി അന്വേഷണസംഘം കുട്ടിയുടെ അച്ഛനെ വെള്ളിയാഴ്ച വിശദമായി ചോദ്യം ചെയ്തേക്കും.
ഇതോടെ കേസിന്റെ ശരിയായ ചിത്രം തെളിയുമെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞദിവസം ഇയാളുടെ മൊബൈല്‍ഫോണ്‍ പത്തനംതിട്ടയില്‍ നിന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
അതേ സമയം, കേസില്‍ ചിറക്കര സ്വദേശിയായ ഒരാൾ പോലീസ് കസ്റ്റഡിയിലുണ്ട്. കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല