സ്വന്തം ലേഖകൻ: നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39) തൃശൂരിൽ വാഹന അപകടത്തിൽ മരിച്ചു. ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 4.30ന് തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് വടകരയിൽ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.
വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടമുണ്ടാകുമ്പോൾ കൊല്ലം സുധി വാഹനത്തിന്റെ മുൻസീറ്റിലാണ് ഇരുന്നിരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം.
അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ടത് ചലച്ചിത്ര താരങ്ങൾ ഉൾപ്പെട്ട സംഘമാണെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയവർ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഉടൻതന്നെ കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.
രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോൾ സുധി അബോധാവസ്ഥയിലായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് കൊല്ലം സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
സിനിമകളിലും ടെലിവിഷൻ ഷോകളിലുമായി മലയാളികളെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് അദ്ദേഹം സിനിമയിലെത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തെത്തിയ അദ്ദേഹം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി, വകതിരിവ്, ആന്‍ ഇന്റര്‍നാഷനല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല