ഏറെ രസകരമായ ചില കാര്യങ്ങളുമായാണ് കോണ്ടലീസ റൈസ് രചിച്ച പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങാന്‍ പോകുന്നത്. പുസ്തകത്തെ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത് ബുക്കില്‍ പ്രദിപാതിക്കുന്ന പാകിസ്ഥാന്റെ ഇന്ത്യന്‍ പേടിയാണ്. മുംബയ് ഭീകരാക്രമണത്തിനു തൊട്ടുപിന്നാലെ അന്നത്തെ വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ കടുത്ത വാക്കുകളിലെ പ്രതികരണം കേട്ട് പാകിസ്ഥാന്‍ വിരണ്ടു നെട്ടോട്ടമോടിയെന്നാണ് മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രാറി കോണ്ടലീസാ റൈസ് പുസ്തകത്തില്‍ പറയുന്നത്.
ഇന്ത്യ ആക്രമിക്കാന്‍ തീരുമാനിച്ചതായി തീര്‍ച്ചപ്പെടുത്തിയ പാകിസ്ഥാന്‍ ചൈന മുതല്‍ അമേരിക്ക വരെയുള്ള രാഷ്ട്രങ്ങളെ വിളിച്ചു കേണത്രെ. ഇതുകേട്ട് ഒരു ഘട്ടത്തില്‍ താനും ഭയന്നുപോയെന്നും ഉടനെ മുഖര്‍ജിയെ വിളിച്ചിട്ട് ലൈന്‍ കിട്ടാതെ ആശങ്കയോടെ കാത്തിരുന്നെന്നും കോണ്ടലീസ റൈസ് താന്‍ രചിച്ച 766 പേജുള്ള നോ ഹൈ ഓണേഴ്സ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു.
‘യുദ്ധത്തിന് ഇന്ത്യ തീരുമാനിച്ചതായി പാകിസ്ഥാന്‍ പറയുന്നകാര്യം’ ഒരു വൈറ്റ് ഹൌസ് വക്താവ് റൈസിനെ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനും അങ്കലാപ്പായത്രെ. ഉടനെ സ്റ്റേറ്റ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഇസ്ളാമബാദിലേക്കും ഡല്‍ഹിക്കും ഉടനെ പോകണം. സ്ഫോടനാത്മകമായ സ്ഥിതി തണുപ്പിക്കണം. റൈസ് മുഖര്‍ജിയെ ലൈനില്‍ കിട്ടാന്‍ ശ്രമിച്ചു. കിട്ടാതായപ്പോള്‍ സംശയമായി. തന്നെ ഒഴിവാക്കുകയാണോ? യുദ്ധത്തിന് ഡല്‍ഹി ശരിക്കും കോപ്പുകൂട്ടുന്നുണ്ടോ?
“ഇതിനിടെ പാകിസ്ഥാന്‍ സകല സുഹൃദ് രാഷ്ട്രങ്ങളെയും വിളിക്കുകയാണ് സൌദിയെ, എമിറേറ്റ്സിനെ, ചൈനയെ… ഒടുവില്‍ ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ട് പ്രണബ് റൈസിനെ തിരിച്ചുവിളിച്ചു.താന്‍ കേട്ടതിനെപ്പറ്റി റൈസ് പ്രണബിനോടു പറഞ്ഞു.
“എന്ത്? ഞാന്‍ എന്റെ നിയോജക മണ്ഡലത്തിലാണ്.” (ഇന്ത്യയില്‍ തിരഞ്ഞെടുപ്പു സമയമായിരുന്നു അന്ന്. പ്രണബ് ലോക്സഭാ സ്ഥാനാര്‍ത്ഥിയും) ഞങ്ങള്‍ യുദ്ധത്തിനൊരുങ്ങുന്നെങ്കില്‍ ഞാന്‍ ഡല്‍ഹിയിലല്ലേ കാണേണ്ടത്?” പ്രണബ് ചോദിച്ചു. അതോടെ റൈസിന്റെ മനസ് തണുത്തു. പാക് വിദേശ മന്ത്രി പ്രണബിന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാണ് പ്രശ്നമായതെന്ന് റൈസിനു മനസിലായി.
“ഒരു യുദ്ധത്തിലേക്ക് ഇന്ത്യയെ അവര്‍ വലിച്ചിഴയ്ക്കുകയാണ്. ഇതു അപകടകരമാണ്.”
പേടിച്ചുവിറച്ചിരിക്കുകയായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ഭീകരാക്രമണത്തിനു പിന്നില്‍ തങ്ങളുടെ ആളുകളാണെന്ന് സമ്മതിക്കാനും വയ്യ. പാക് പ്രധാനമന്ത്രി ഗിലാനിയോട് റൈസ് വെട്ടിത്തുറന്നു പറഞ്ഞു.
“മിസ്റ്റര്‍ പ്രധാനമന്ത്രീ, പാക് ഗവണ്‍മെന്റിനു പങ്കില്ലായിരിക്കാം. പക്ഷേ, നിങ്ങളുടെ സൈന്യത്തിലെ ചില തെമ്മാടികള്‍ ഭീകരരെ സഹായിച്ചിട്ടുണ്ട്. ഇക്കാര്യം സമ്മതിക്കണം. ഉത്തരവാദിത്വത്തോടെ ഇതന്വേഷിക്കണം.”
ഒടുവില്‍ പാക് സൈനിക മേധാവി അസ്ഫക് പര്‍വേസ് കയാനിയാണ് രംഗം തണുപ്പിച്ചത്. ഉത്തരവാദിത്വമേറ്റെടുക്കാന്‍ തയ്യാറായില്ലെങ്കിലും സംഭവിച്ചതെന്താണെന്ന് അന്വേഷിക്കാന്‍ കയാനി തയ്യാറായി. അതൊരു തുടക്കമാവുകയും ചെയ്തു – റൈസ് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല