1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2023

സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതക പരമ്പര കേസില്‍ നിര്‍ണായകമായ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളിലും സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ദേശീയ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്.

2002-ല്‍ അന്നമ്മ തോമസിനെ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് കില്‍’ എന്ന വിഷം കലര്‍ത്തി നല്‍കിയും മറ്റു മൂന്നുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. അതേസമയം, മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്.

അതിനിടെ, മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാന്‍ കഴിയാതിരുന്നതെന്നാണ് നിഗമനം. വിദേശരാജ്യങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോ എന്നകാര്യവും പ്രോസിക്യൂഷന്‍ പരിശോധിക്കുന്നുണ്ട്.

2019-ലാണ് കൂടത്തായി കേസില്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചത്. ആദ്യം കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലും പിന്നീട് ദേശീയ ഫൊറന്‍സിക് ലാബിലുമായിരുന്നു പരിശോധന.

14 വര്‍ഷത്തിനിടെ കുടുംബത്തിലെ ആറുപേരെ ജോളി വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നതാണ് കൂടത്തായി കൊലപാതക പരമ്പര കേസ്. ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.