സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ യുറാഗ്വായ് നവാഗതരായ ജമൈക്കയെ കളി പഠിപ്പിച്ചു. വിജയത്തുടക്കമിടാനെത്തിയ ചാമ്പ്യന്മാര്‍ക്കെതിരെ കൂടുതല്‍ ഗോളുകള്‍ വാങ്ങിക്കൂട്ടാതെ ജമൈക്കയെ രക്ഷപ്പെടുത്തിയത് യുറാഗ്വായ് മുന്നേറ്റ നിരയുടെ അലസത.
കോപ്പ അമേരിക്കയിലേക്ക് ക്ഷണം ലഭിച്ച് ആദ്യ ടൂര്‍ണമെന്റിനെത്തിയ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായ് മറികടന്നത്.
കളിയുടെ അമ്പത്തി രണ്ടാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റോഡ്രിഗസാണ് യുറഗ്വായുടെ വിജയ ഗോള്‍ നേടിയത്.
ഗ്രൂപ്പ് ബിയില്‍ ഈ ജയത്തേടെ യുറഗ്വായ് മൂന്നു പോയിന്റ് സ്വന്തമായി.
സസ്‌പെന്‍ഷന്‍ മൂലം ലൂയിസ്വാരസും കളിക്കളത്തില്‍ നിന്നു വിടവാങ്ങിയതു മൂലം ഡിയേഗോ ഫോര്‍ലാനും ഇല്ലാതെയിറങ്ങിയ യുറഗ്വായ് പഴയ കരുത്തിന്റെ നിഴല്‍ മാത്രമായിരുന്നു.
മികച്ച കളി പുറത്തെടുക്കാന്‍ ഒരു ഘട്ടത്തിലും ചാമ്പ്യന്മാര്‍ക്ക് കഴിഞ്ഞില്ല. പലപ്പോഴും ഒത്തിണക്കം മറന്ന മധ്യനിരയും മുന്നേറ്റ നിരയും കോച്ച് ഓസ്‌കര്‍ ടബരേസിന്റെ ക്ഷമയെ പരീക്ഷിക്കുകയും ചെയ്തു. മറുവശത്ത് നവാഗതരുടെ പരിഭ്രമങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ കളിക്കാനിറങ്ങിയ ജമൈക്കക്ക് വിനയായത് കോപ്പ പോലുള്ള വലിയ ടൂര്‍ണമെന്റുകളില്‍ കളിച്ചുള്ള പരിചയമില്ലായ്മയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല