ബിജു മാളിയേക്കല്‍
വിയന്ന: അത്ഭുത പ്രവര്‍ത്തകയായ കൊരട്ടി മുത്തിയുടെ തിരുനാള്‍ വിയന്നയില്‍ ഒക്ടോബര്‍ 13ന് (ശനിയാഴ്ച) ആഘോഷിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ഐ സി സി യുടെ ചാപ്ലിന്‍ ഫാ. തോമസ് താണ്ടപിള്ളിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ പാട്ടുകുര്‍ബാനയോടെ വിയന്നയിലെ മൈടിലിംഗിലുള്ള മരിയ ലൂര്‍ദ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതാതായി വിയന്നയിലെ കൊരട്ടി മുത്തിയുടെ വിശ്വാസികളുടെ കൂട്ടായ്മ എന്‍ ആര്‍ ഐ മലയാളിയെ അറിയിച്ചു.
ഓസ്ട്രിയയിലെ മലയാളി വിശ്വാസികള്‍ ഒത്തുചേര്‍ന്ന് കൊരട്ടി മുത്തിയുടെ തിരുനാള്‍ ഇതാദ്യമാണ് വിയന്നയില്‍ കൊണ്ടാടുന്നത്. ലദിഞ്ഞ്, പ്രദക്ഷിണം, നേര്‍ച്ച എന്നിവ ഉണ്ടായിരിക്കുന്നതാണ്.
പതിമൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ കൊരട്ടി പള്ളി കേരളത്തിലെ ലൂര്‍ദ് എന്നാണു അറിയപ്പെടുന്നത്. ഇന്ത്യയിലെ പ്രമുഖ മരിയന്‍ തീര്‍ഥാടന കേന്ദ്രം കൂടിയാണ് ഈ പള്ളി. അനുഗ്രഹപൂര്‍ണമായ റോസറി വില്ലേജും ഇവിടെയുണ്ട്. എല്ലാ വര്‍ഷവും ഒക്ടോബര്‍ പത്താം തിയതി കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായറാഴ്ചയാണ് പ്രസിദ്ധമായ ഈ തിരുനാള്‍ ആഘോഷം. ജാതി മത ഭേദമന്യേ നാനാ തുറകളിലുള്ള വന്‍ ജനാവലി കൊരട്ടി മാതാവിന്റെ അങ്കണത്തില്‍ അണിചേരുന്ന കാഴ്ച ഭക്തര്‍ക്ക് ആവേശമാണ്. അവിവാഹിതരായ യുവതി യുവാക്കള്‍ , മക്കള്‍ ഇല്ലാത്ത ദമ്പതികള്‍ , സുഖ പ്രസവം കാംഷിക്കുന്നവര്‍ , തൊഴില്‍ രഹിതര്‍ തുടങ്ങിയവര്‍ കൊരട്ടി മുത്തിയുടെ പ്രത്യേക മാധ്യസ്ഥം തേടാറുണ്ട്. കൊരട്ടി പള്ളിയിലെ സവിശേഷ നേര്‍ച്ച പൂവന്‍ പഴമാണ്. മുട്ടുകുത്തിയിഴയല്‍ , ഭജന ഇരിക്കല്‍ , തുലാഭാരം എന്നിവയും ഇവിടുത്തെ വിശേഷപ്പെട്ട നേര്‍ച്ച കാഴ്ചകളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.korattymuthy.org
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല