1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 28, 2018

സ്വന്തം ലേഖകന്‍: പതിറ്റാണ്ടുകള്‍ നീണ്ട കൊറിയന്‍ യുദ്ധത്തിന് അവസാനം; ഉത്തര, ദക്ഷിണ കൊറിയകള്‍ ഇനി ഭായി ഭായി; ചര്‍ച്ച വിജയം. സാങ്കേതികമായി ഇന്നും തുടരുന്ന യുദ്ധം അവസാനിപ്പിക്കാനും ഇനി മുതല്‍ സമാധാനത്തിന്റെ പാതയില്‍ നീങ്ങാനും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇനും തമ്മില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ധാരണയായി.

ദക്ഷിണ കൊറിയയിലെത്തിയ കിമ്മിനെ അതിര്‍ത്തിയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ നേരിട്ടെത്തി സ്വീകരിച്ചു. ഒരു ദശകത്തിന് ശേഷമാണ് ഇരു കൊറിയന്‍ തലവന്‍മാരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണത്തലവന്‍ ദക്ഷിണ കൊറിയയിലെത്തിയത്. കൊറിയന്‍ പ്രാദേശിക സമയം രാവിലെ ഒന്‍പതരയ്ക്ക് കിമ്മും സംഘവും ഇരുകൊറിയകളെയും വേര്‍തിരിക്കുന്ന സൈനികവിന്യാസമില്ലാത്ത മേഖലയില്‍ എത്തി.

ഇവിടെ കാത്തുനിന്ന ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ അയല്‍ക്കാരനെ സ്വീകരിച്ചു. പിന്നീട് ഇരുവരും സമാധാന ചര്‍ച്ചകള്‍ക്കായി പാന്‍മുന്‍ജോം ഗ്രാമത്തിലേക്കുപോയി. ഇവിടുത്തെ ‘പീസ് ഹൗസി’ലാണ് (ശാന്തി ഗൃഹം) ഇരുരാഷ്ട്രത്തലവന്‍മാരും ചര്‍ച്ച നടത്തിയത്. ഇരു കൊറിയകളും തമ്മിലുള്ള വൈര്യവും യുദ്ധവും അവസാനിപ്പിക്കാനും മേഖലയില്‍ ആണവനിരായുധീകരണത്തിനുമാണ് ഇരുരാഷ്ട്ര നേതാക്കളും തമ്മില്‍ ധാരണയായത്.

ധാരണകളെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാനും രാഷ്ട്രത്തലവന്‍മാര്‍ തമ്മില്‍ ഒപ്പുവച്ച ധാരണയില്‍ വ്യക്തമാക്കുന്നു. ‘പുതിയ ചരിത്രം ആരംഭിക്കുകയാണ്. സമാധാന യുഗത്തിലേക്കുള്ള ചരിത്രത്തിന്റെ സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ ആണ് നില്‍ക്കുന്നത്,’ ചര്‍ച്ച നടന്ന പീസ് ഹൗസിലെ സന്ദര്‍ശക ഡയറിയില്‍ ചര്‍ച്ച ആരംഭിക്കുന്നതിന് മുന്‍പ് കിം എഴുതി. നല്ല ഫലം ലഭിക്കുന്ന തുറന്ന ചര്‍ച്ചകളാണ് പ്രതീക്ഷിക്കുന്നതെന്നും കിം പ്രതികരിച്ചു. ഉടന്‍ തന്നെ ദക്ഷിണ കൊറിനന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ഉത്തര കൊറിയ സന്ദര്‍ശിക്കും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.