![](https://www.nrimalayalee.com/wp-content/uploads/2022/02/Kosk-New-Mask-Korean-Company-.jpg)
സ്വന്തം ലേഖകൻ: മഹാമാരി പടർന്നതിനു പിന്നാലെ സാമൂഹിക അകലവും മാസ്കുമൊക്കെ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായി. കൊറോണയെ പ്രതിരോധിക്കാൻ കരുതലോടെ മാസ്ക് ഉപയോഗിക്കേണ്ടതിനെക്കുറിച്ച് ബോധവത്കരണങ്ങളും ഉണ്ടാവാറുണ്ട്. സാധാരണയായ ഭക്ഷണം കഴിക്കുമ്പോഴാണ് പലരും മാസ്ക് ഊരിവെക്കാറുള്ളത്. എന്നാൽ ഇനി അതിനുപോലും മാസ്ക് ഊരിവെക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കുകയാണ് ഒരു കൊറിയൻ കമ്പനി.
ഭക്ഷണം കഴിക്കും മുമ്പ് മൂക്കിന് മുകളിലേക്ക് നീക്കിവെക്കും വിധത്തിലുള്ള ഡിസൈനാണ് പുത്തൻ മാസ്കിന്റേത്. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടുക്കുമ്പോഴുമൊക്കെ മാസ്ക് മൂക്കിന് മുകളിലേക്ക് മാറ്റാം. ദക്ഷിണ കൊറിയൻ കമ്പനിയായ അറ്റ്മാൻ ആണ് പുതിയ മാസ്ക് ഡിസൈനിനു പിന്നിൽ.
കോസ്ക് എന്ന പേരിലാണ് മാസ്ക് പുറത്തിറക്കിയിരിക്കുന്നത്. കോ, മാസ്ക് എന്നീ പദങ്ങൾ യോജിപ്പിച്ചാണ് കോസ്ക് എന്ന പേര് തയ്യാറാക്കിയിരിക്കുന്നത്. കൊറിയയിൽ മൂക്കിന് കോ എന്നാണ് പറയുന്നത്.
പത്തു മാസ്കുകളുള്ള ഒരു ബോക്സിന് 610 രൂപയാണ് വിലയീടാക്കുന്നത്. ഭക്ഷണം കഴിക്കുമ്പോൾ മാത്രം മൂക്കിന് മുകളിലേക്ക് മാറ്റുകയും അല്ലാത്തപ്പോൾ സാധാരണ മാസ്കുകൾ പോലെ ഉപയോഗിക്കുകയും ചെയ്യാം.
എന്നാൽ സാമൂഹിക മാധ്യമത്തിൽ ഈ മാസ്കിന്റെ പേരിൽ ട്രോളുകൾ നിറയുകയാണ്. വൈറസ് വായു വഴി പകരുമെങ്കിൽ മൂക്കിനു മുകളിൽ മാത്രം മാസ്ക് വെക്കുന്നതുകൊണ്ട് എന്താണ് ഗുണമെന്നാണ് വിമർശകരുടെ ചോദ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല