1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2024

സ്വന്തം ലേഖകൻ: കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടതിന് പിന്നാലെ നേര്യമംഗലത്ത് നാടകീയ സംഭവങ്ങൾ. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോൺഗ്രസ് നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പിന്നാലെ പ്രതിഷേധക്കാരുടെ കൈയിൽ നിന്നു മൃതദേഹം പോലീസ് ബലമായി പിടിച്ചെടുക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ബന്ധുക്കൾക്ക് വിട്ടുനൽകുമെന്നാണ് പോലീസ് അധികൃതർ അറിയിച്ചത്. എന്നാൽ, ജില്ലാ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പോലീസ് മൃതദേഹം പിടിച്ചെടുത്തതിനെതിരെയും കോൺഗ്രസ് വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടുവെന്ന വാർത്തയ്ക്ക് പിന്നാലെ കോതമംഗലം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇൻക്വസ്റ്റ് നടത്താൻ അനുവദിക്കാതെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ആശുപത്രിയിൽ നിന്ന് പുറത്തുകൊണ്ടുവരികയായിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിൽ ബലപ്രയോഗത്തിലൂടെയാണ് ഇന്ദിരയുടെ മൃതദേഹം പ്രതിഷേധക്കാർ ഏറ്റെടുത്തത്. ഇത് തടയാനെത്തിയ പോലീസിനെ നാട്ടുകാരും യുഡിഎഫ് പ്രവർത്തകരും ചേർന്ന് തടഞ്ഞിരുന്നു.

ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.അതെസമയം ബന്ധുക്കളുടെ സമ്മതത്തോടെയാണ് മൃതദേഹവുമായി പ്രതിഷേധം നടത്തുന്നതെന്നു കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു എന്നാൽ കളക്ടര്‍ ഇതിന് തയാറായില്ല.

ശേഷം പ്രതിഷേധമുഖത്തേക്കെത്തിയ പോലീസ് പ്രതിഷേധക്കാരുടെ സമരപ്പന്തൽ തകര്‍ത്ത് മൃതദേഹം പിടിച്ചെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. റോഡിൽ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പൊളിച്ച പോലീസ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ ഇവിടെ നിന്നും വലിച്ചുമാറ്റി. ഇതിനിടയിൽ മരിച്ച വയോധികയുടെ സഹോദരൻ സുരേഷിനെ ബലമായി കൈയിൽ പിടിച്ചുവലിച്ചതായും ഇവരുടെ ബന്ധുക്കളെയും പോലീസ് ബലം പ്രയോഗിച്ച് നീക്കിയതായും ആരോപണമുണ്ട്.

ഇന്ന് രാവിലെ 9.30ഓടെയാണ് കാട്ടാന ആക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര കൊല്ലപ്പെടുന്നത്. വീടിനു സമീപമുള്ള പറമ്പില്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെട്ടിരിക്കെയാണ് വയോധികയെ കാട്ടാന ആക്രമിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. കാട്ടാന ആക്രമിച്ചതിനു പിന്നാലെ തന്നെ ഇന്ദിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു. രണ്ട് മാസത്തിനിടയിലെ അഞ്ചാമത്തെ സംഭവമാണിത്. ഇടുക്കി മൂന്നാറിൽ ഫെബ്രുവരി 26ന് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ തൊഴിലാളിയുമായ മണി കഴിഞ്ഞ ആഴ്ചയാണ്‌ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

സ്ഥിരം കാട്ടാന ശല്യമുള്ള പ്രദേശമാണ് നേര്യമംഗലത്തിന് സമീപം വനമേഖലയിൽ നിന്ന് 5 കിലോ മീറ്റർ മാത്രം അകലെയുള്ള കാഞ്ഞിരവേലി. കഴിഞ്ഞദിവസം കാട്ടുതീ പടര്‍ന്നതോടെ ആനക്കൂട്ടം മലയിറങ്ങുകയായിരുന്നു. പുലര്‍ച്ചയോടെ തന്നെ ഇക്കാര്യം വനംവകുപ്പിനെ അറിയിച്ച് ആനകളെ തുരത്താന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ വേണ്ട നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.