കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക എന്നൊരു ശീലം ചില പൊലിസുകാര്‍ക്കെങ്കിലും ഉണ്ട് എന്നതില്‍ തര്‍ക്കമില്ല.അതിന്റെ ഇരയാവാന്‍,പാപി ചെല്ലുന്നിടം എല്ലാം പാതാളം എന്ന അവസ്ഥയില്‍ കഴിയുന്ന ചിലരും കൂടിയുണ്ടെങ്കിലോ,സംഭവം ജഗപൊക ആകും,അതുറപ്പ്.പോരാത്തതിന് ഇതിന്റ്‌റെയെല്ലാം പുറകില്‍ ഒരു പെണ്ണ് കൂടി വന്നാല്‍ കാര്യങ്ങള്‍ക്ക് എരിവും പുളിയും കൂടിയത് തന്നെ.ആള്‍ക്കാര്‍ക്ക് പറഞ്ഞു ചിരിക്കാന്‍ പിന്നെ പ്രത്യേകിച്ചു ചേരുവകള്‍ ഒന്നും തന്നെ വേണ്ടേ വേണ്ട . അങ്ങനെയൊരു കൌതുകകരമായ സംഭവം ആണ് ഇക്കഴിഞ്ഞ ദിവസം കോട്ടയത്ത് അരങ്ങേറിയത്.
കോട്ടയത്തിനടുത്തുള്ള മണര്‍കാട് ആണ് വെറുതെ ടൌണിലേക്ക് ഇറങ്ങിയ കുഞ്ഞച്ചന്‍മാര്‍ക്കെല്ലാം ഒരു പെണ്ണ് നല്ല പണി വാങ്ങി കൊടുത്തത്.സംഭവം ഇതാണ്.ദേശീയപാതയോരത്തെ മണര്‍കാട്ട് ഷാപ്പിന്ഷാപ്പിനു മുന്നില്‍ മദ്യപിച്ചു ഫിറ്റായ പെണ്ണ് ഡാന്‍സ് ചെയ്യാന്‍ തുടങ്ങി . ലോട്ടറി വില്പനക്കാരിയായ ഇവര്‍ അധികം ടിക്കറ്റുകള്‍ വിറ്റു പോയ സന്തോഷത്തില്‍ ഉച്ചയ്ക്ക് രണ്ടെണ്ണം അകത്താക്കുകയാണ് ഉണ്ടായത് . പൂസായ പെണ്ണ് ഷാപ്പിനുമുന്നില്‍നിന്നുതന്നെ ആട്ടവുംപൂരപ്പാട്ടും തുടങ്ങി. ഡാന്‍സിന്റെ വിവരം ഉടനെ മണര്‍കാട്ട് ടൌണില്‍ പരന്നു. വെറുതെ ടൌണില്‍ കറങ്ങാനിറങ്ങിയവരും ചന്തക്കു വന്നവരും ആയ ആണുങ്ങള്‍ ഉടന്‍ ഷാപ്പിനു മുന്‍പിലേക്ക് പാഞ്ഞു.വിവരം അറിഞ്ഞ മറ്റു ചിലര്‍ അടുത്തുള്ള തലപ്പടി,പുതുപ്പള്ളി എന്നി സ്ഥലങ്ങളില്‍ നിന്നും ഈ കാഴ്ചകാണാന്‍ ഓട്ടോയും പിടിച്ചെത്തി.ഇതോടെ കാണികളുടെ എണ്ണവും കൂടിവന്നു.ഏതാണ്ട് ഒരുമണിക്കൂറോളം സ്ത്രീയുടെ റോഡ് ഷോ അരങ്ങേറി.കാണികളുടെ എണ്ണം അപ്പോഴേക്കും നൂറിനു മുകളില്‍ കടന്നിരുന്നു.അധികം വൈകാതെ ദേശീയ പാതയില്‍ ചെറിയ ട്രാഫിക് ബ്ലോക്ക് രൂപപ്പെട്ടു. കാഴ്ച കണ്ട് രസം കേറിയ ചിലര്‍ റോഡു വക്കില്‍ ബീഡിയും സിഗരറ്റും വലിച്ചു പുക വിട്ടുകൊണ്ടിരുന്നു.വീട്ടില്‍ പോകാന്‍ സമയം കഴിഞ്ഞ ചിലര്‍ ക്ലൈമാക്‌സ് എന്താകും എന്നറിയാനുള്ള ജിജ്ഞാസ മൂലം അവിടെത്തന്നെ ആകാംഷയോടെ പിന്നെയും നിന്നു.
വിവരമറിഞ്ഞ് സ്ഥലം എസ്‌ഐയും സംഘവും ഉടന്‍ പാഞ്ഞെത്തി. ട്രാഫിക് ബ്ലോക്കുണ്ടാക്കാതെ പ്രദേശം കാലിയാക്കാന്‍ പോലീസ് പറഞ്ഞെങ്കിലും കേട്ടഭാവം പോലുമില്ലാതെ ലോട്ടറിവില്പനക്കാരി പ്രകടനം തുടര്‍ന്നു. ഒടുവില്‍ മര്യാദ പറ്റില്ലെന്ന് മനസ്സിലാക്കിയ പോലിസ് ഈ തെരുവുകലാകാരിയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നു താക്കീത് നല്കി . “എന്നാല്‍ എന്നെ കൊണ്ടുപൊയ്‌ക്കോ….സാറുമ്മാരേന്നായി ” വില്പനക്കാരി. ഒടുവില്‍ പുലിവാല് പിടിക്കുമെന്നുകണ്ട പോലീസ് ഉദ്യോഗസ്ഥന്‍ വനിതാപോലീസിനെ ഫോണില്‍ വിളിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ അല്പം ഗൗരവത്തോടെതന്നെ പറഞ്ഞു.കുടിയന്മമാരെ ഊതിക്കുന്ന മെഷീനെടുക്കാനും നിര്‌ദ്ദേശംനല്‍കി. ആദ്യം മദ്യപിച്ചിട്ടില്ലെന്നുപറഞ്ഞ നമ്മുടെ താരം ഇതോടെ ഒരു ഗ്ലാസ് മദ്യം കുടിച്ചെന്നായി. വനിതാപോലീസെത്തിയാല്‍ ‘അകത്താകുമെന്ന്’ കണ്ട നായിക വൈകാതെ സ്ഥലം കാലിയാക്കി.
അപ്പോഴാണ് നാടകീയരംഗങ്ങള്‍കണ്ട് പുകവലിച്ച് രസിച്ചു നിന്നവരെ പോലീസിന്റ്‌റെ ശ്രദ്ധയില്‍ പെടുന്നത് . ഏതായാലും പോലിസ് ജീപ്പിനു ഡീസലും അടിച്ചു , ഇത്രയും സമയവും കളഞ്ഞു വന്നതല്ലേ ,കിട്ടുന്ന വരുമാനം കളയേണ്ട എന്ന് പോലീസും കരുതി. കള്ളുകുടി കണ്ട് പുകവലിച്ചു രസിച്ചു നിന്ന സകലതിനെയും വളഞ്ഞു പിടിച്ച എമാന്‍മ്മാര്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് പെറ്റികേസെടുത്തു. പിഴയടക്കാന്‍ അപ്പോള്‍ പണമില്ലാതിരുന്നവര്‍ക്ക് സ്റ്റെഷനില്‍ വന്നു പണമടക്കാന്‍ രണ്ടുദിവസത്തെ സമയവും നല്കി.കുടിശികക്കാരുടെ പേരും വിലാസവും വാങ്ങി പോലിസ് തങ്ങളുടെ കൃത്യ നിര്‍വ്വഹണം ഭംഗിയായി നടത്തിയ സന്തോഷത്തില്‍ മടങ്ങി.ഓട്ടോ വിളിച്ചു വന്നവരും അല്ലാതെ വന്നവരും കീശയുംകാലിയായി വീട്ടിലേക്കു മടങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല