1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2018

സ്വന്തം ലേഖകന്‍: മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നു; രണ്ടാം ഭാഗമൊരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് ചിത്രത്തിന്റെ പേര്. മിഥുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ആട് 2ന്റെ 100 ആം ദിവസ ആഘോഷ വേളയില്‍ മമ്മൂട്ടി എത്തിയിരുന്നു.

മിഥുന്‍ മാനുവല്‍ തോമസ് കോട്ടയം കുഞ്ഞച്ചന്റെ വരവറിയിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് താഴെ വായിക്കാം,

‘പ്രിയരേ,

കാലമെന്ന മഹാപ്രവാഹത്തിന് പരകോടി നന്ദി..!!! ഇതിഹാസം മുട്ടത്തു വര്‍ക്കിയിലൂടെ ഉരുത്തിരിഞ്ഞ്, അനുഗ്രഹീത ചലച്ചിത്രകാരന്‍ ഡെന്നിസ് ജോസഫ് ഊടും പാവും നെയ്തു, നടന വിസ്മയം മമ്മൂട്ടിയിലൂടെ, സുരേഷ് ബാബു എന്ന പ്രഗത്ഭ സംവിധായകനിലൂടെ, മണി എന്ന പ്രശസ്ത നിര്‍മ്മാതാവിലൂടെ കാല്‍നൂറ്റാണ്ടിനും മുന്‍പ് കേരളക്കര ഒന്നാകെയുള്ള സിനിമാകൊട്ടകകളില്‍ ആരവങ്ങള്‍ തീര്‍ത്ത പ്രതിഭാസം, കോട്ടയം കുഞ്ഞച്ചനെ, തുടക്കക്കാരനായ എന്നിലേയ്ക്ക് എത്തിച്ചതിന്..!!

ഇതുവരെയുള്ള യാത്രയില്‍ ആശ്വാസമായ തണല്‍ മരങ്ങള്‍ക്കു നന്ദി, വെളിച്ചം വിതറിയ വിളക്കുകാലുകള്‍ക്ക് നന്ദി, സിനിമയെ സ്വപ്നം കണ്ടു നടന്നവനെ തീരത്തടുപ്പിച്ച പായ്‌വഞ്ചികള്‍ക്ക് നന്ദി.. കൈവിടാതെ കൂടെ നില്‍ക്കുന്ന പ്രേക്ഷക ലക്ഷങ്ങള്‍ക്ക് നന്ദി..: ഫ്രൈഡേ ഫിലിം ഹൌസിനോടൊപ്പം ചേര്‍ന്ന് സവിനയം, സസന്തോഷം, സസ്‌നേഹം അവതരിപ്പിക്കുന്നു.. കോട്ടയം കുഞ്ഞച്ചന്‍ 2..’

അതോടൊപ്പം തന്നെ പ്രേക്ഷകരില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ആടിന് മൂന്നാം ഭാഗം ഉണ്ടാകുമെന്നും മിഥുന്‍ വെളിപ്പെടുത്തി. മൂന്നാം ഭാഗം ത്രിഡിയില്‍ പുറത്തിറക്കുമെന്നാണ് മിഥുന്‍ വ്യക്തമാക്കിയത്. അതേസമയം ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ജയസൂര്യയ്ക്ക് പുറമെ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, വിനായകന്‍, വിജയ് ബാബു, സാന്ദ്ര തോമസ് എന്നിവര്‍ അണിനിരന്ന ആട് 2 തിയറ്ററില്‍ മികച്ച പ്രതികരണം നേടിയിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.