സ്വന്തം ലേഖകൻ: നടൻ കോട്ടയം പ്രദീപ് (61) അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലര്‍ച്ചെ 4.15-ഓടെ ആയിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം ആശുപത്രിയില്‍ എത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐവി ശശി സംവിധാനം ചെയ്ത ‘ഈ നാട് ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെയാണ് ജൂനിയർ ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച പ്രദീപ് അഭിനയ രംഗത്തെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായാ, തട്ടത്തിൻ മറയത്ത്, ആട്, വടക്കന്‍ സെല്‍ഫി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, തോപ്പില്‍ ജോപ്പന്‍, കുഞ്ഞിരാമായണം തുടങ്ങിയവ പ്രധാന ചിത്രങ്ങളായിരുന്നു.
കോട്ടയം പ്രദീപിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സ്വതസിദ്ധമായ ശൈലിയിലൂടെ ചെറുകഥാപാത്രങ്ങളെപ്പോലും ആസ്വാദകമനസ്സില്‍ തിളക്കത്തോടെ കുടിയിരുത്തിയ സവിശേഷ നടനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. കുടുംബത്തെയും അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെയും മുഖ്യമന്ത്രി അനുശോചനമറിയിച്ചു.
അഞ്ച് പതിറ്റാണ്ടോളം നാടകരംഗത്തും പത്തു വര്‍ഷത്തിലേറെക്കാലമായി സിനിമയിലും സജീവമായി നില്‍ക്കുവാനും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞുവെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
നാടകത്തിലൂടെ സിനിമാ രംഗത്തേയ്ക്ക് വന്ന് നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കിയ നടന്‍ പ്രദീപ് കോട്ടയത്തിന്റെ ആകസ്മിക വിയോഗം വേദനാജനകമാണെന്ന് മന്ത്രി വി.എന്‍. വാസവന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളർന്നതും.
കാരാപ്പുഴ സര്‍ക്കാര്‍ സ്‌കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോ ഓപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽഐസിയിൽ ജീവനക്കാരനാണ്. ‘അവസ്ഥാന്തരങ്ങൾ’ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. ഭാര്യ: മായ, മക്കൾ: വിഷ്ണു, വൃന്ദ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല