കോട്ടയം അതിരൂപത ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്തു. ബി.സി.എം. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചത്. ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് എര്‍പ്പെടുത്തിയ വിദ്യാഭ്യാസ പദ്ധതിയെ രാഷ്ട്രപതി പ്രസംഗത്തില്‍ പ്രശംസിച്ചു. സഭയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും പ്രതിഭാ പാട്ടീല്‍ തന്നെ നിര്‍വഹിച്ചു.
യുവാക്കളില്‍ ഉത്തരവാദിത്വ ബോധം ഉണ്‌ടാകണമെന്ന് രാഷ്‌ട്രപതി തന്‍റെ പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. ഇതിനു മുതിര്‍ന്നവരാണു ശ്രമിക്കേണ്‌ടതെന്നും രാഷ്‌ട്രപതി പറഞ്ഞു. ക്‌നാനായക്കാരുടെ പ്രാര്‍ത്ഥനാ ഗാനത്തിലെ ഈരടികളായ “ആലാഹാനായകനും അന്‍പന്‍ മിശിഹായും കൂടെ തുണയ്‌ക്ക ഇവര്‍ക്ക്” എന്ന വരികള്‍ പറഞ്ഞുകൊണ്ടാണ് രാഷ്‌ട്രപതി പ്രസംഗം അവസാനിപ്പിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിച്ചു. ശതാബ്‌ദി സമാപനചടങ്ങിലെ രാഷ്‌ട്രപതിയുടെ സാന്നിധ്യം ക്‌നാനായ സമുദായത്തിനു രാഷ്‌ട്രം നല്‍കുന്ന ഏറ്റവും വലിയ ആദരവാണെന്ന് അദ്ദേഹം പറഞ്ഞു.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സുപ്രീംകോടതി ജഡ്‌ജി ജസ്റ്റീസ് സിറിയക് ജോസഫ്, മന്ത്രി കെ.എം. മാണി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ജോസ് കെ. മാണി എം.പി., മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്ത, പ്രസ്‌ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടില്‍, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സ്വാഗതവും, സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നന്ദിയും പറഞ്ഞു.രാഷ്‌ട്രപതിക്ക് കോട്ടയം അതിരൂപതയുടെ ഉപഹാരം മാര്‍ മാത്യു മൂലക്കാട്ട് സമ്മാനിച്ചു.
കൊല്ലത്തു നിന്നു ഹെലികോപ്‌ടറില്‍ രാവിലെ 11.55ന് രാഷ്‌ട്രപതി കോട്ടയം പോലീസ് പരേഡ് ഗ്രൌണ്‌ടില്‍ എത്തി. തുടര്‍ന്ന് കാര്‍ മാര്‍ഗമാണ് സമ്മേളന വേദിയില്‍ എത്തിച്ചേര്‍ന്നത്. കൃത്യം 12 മണിക്ക് ബി.സി.എം. കോളജ് ഓഡിറ്റോറിയത്തിന്റെ കവാടത്തിലെത്തിയ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലിനെ മാര്‍ മാത്യു മൂലക്കാട്ടും, മാര്‍ ജോസഫ് പണ്ടാരശേരിലും ചേര്‍ന്ന് സ്വീകരിച്ചു. പ്രത്യേകം പാസ് നല്‌കിയിരിക്കുന്ന ആയിരം പേര്‍ക്കുമാത്രമായിരുന്നു ഓഡിറ്റോറിയത്തില്‍ പ്രവേശനം. ക്രിസ്‌തുരാജ കത്തീഡ്രലില്‍ സമ്മേളത്തിന്റെ തത്സമയ സംപ്രേക്ഷണം സര്‍ക്യൂട്ട് ടിവിയില്‍ കാണാന്‍ സൌകര്യമൊരുക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല