സ്വന്തം ലേഖകന്‍: കോട്ടയം എസ്എംഇ കോളേജില്‍ യുവാവ് വിദ്യാര്‍ത്ഥിനിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു, യുവാവും യുവതിയും മരിച്ചു, കാരണം പ്രണയം നിരസിച്ചതിനെ തുടര്‍ന്ന്. കായംകുളം ചിങ്ങോലി സ്വദേശിയായ ലക്ഷ്മിയാണ് (21) മരിച്ചത്. ലക്ഷ്മിയെ ആക്രമിച്ച യുവാവ് കൊല്ലം നീണ്ടകര സ്വദേശി ആദര്‍ശ് (25) മരിച്ചതിനു പിന്നാലെയായിരുന്നു പെണ്‍കുട്ടിയുടെ മരണം. കോളേജ് ലൈബ്രറിയില്‍ വച്ച് യുവാവ് പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. പ്രണയാദ്യര്ത്ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആക്രമണം.
എസ് എം ഇ കോളേജിലെ ഫിസിയോതെറാപ്പി ക്ലാസില്‍ ലക്ഷ്മിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം ആദര്‍ശ് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിച്ചു.
ആദര്‍ശിലെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ പൊള്ളലേറ്റ അജ്മല്‍, അശ്വിന് എന്നിവര്‍ ചികിത്സയിലാണ്. ആദര്‍ശ് മുമ്പും ലക്ഷ്മിയോടു പ്രണയാഭ്യര്‍ത്ഥന നടത്തിരുന്നതായും ലക്ഷ്മി അത് നിരസിച്ചിരുന്നതായും സഹപാഠികള്‍ പറയുന്നു. ഇതിന്റെ ദേഷ്യത്തിലാണു ക്ലാസ് കഴിഞ്ഞു പുറത്തിറങ്ങിയ ലക്ഷ്മിയെ തടഞ്ഞു നിര്‍ത്തി കുപ്പിയില്‍ കരുതിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയതെന്നും ഇവര്‍ വ്യക്തമാക്കി.
എസ്.എം.ഇ കോളജിലെ നാലം സെമസ്റ്റര്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആക്രമണത്തിന് ഇരയായ ലക്ഷ്മി. ഇതേ കോളജില്‍ 2013 ല്‍ പഠനം പൂര്‍ത്തിയാക്കിയ ആദര്‍ശ് സപ്ലിമെന്ററി പരീക്ഷ എഴുതാനായാണ് ക്യാപസില്‍ എത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ പെണ്‍കുട്ടിയുടെ ക്ലാസിലെത്തിയ യുവാവ് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ സ്വന്തം ശരീരത്തില്‍ ഒഴിക്കുകയും തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു. ഭയന്ന പെണ്‍കുട്ടി ലൈബ്രറിയിലേയ്ക്ക് ഓടിക്കയറിയെങ്കിലും യുവാവ് കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു.
ആദര്‍ശ് തന്നെ ശല്യപ്പെടുത്തുന്നതായി പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചത് അനുസരിച്ച് അടുത്തിടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കായംകുളം പോലീസില്‍ പരാതി നല്‍കുകയും പോലീസ് ആദര്‍ശിനെ വിളിച്ചു വരുത്തി താക്കീത് നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യമാകാം സംഭവത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല