സ്വന്തം ലേഖകൻ: ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങി താമസസ്ഥലത്തേക്കുപോയ വിദേശ വിനോദ സഞ്ചാരിയെ അവഹേളിച്ച് പോലീസ്. മദ്യത്തിന്റെ ബില്ല് ചോദിച്ച പോലീസ് ബില്ല് ഇല്ലെങ്കില്‍ മദ്യം കൊണ്ടുപോകാന്‍ കഴിയില്ലെന്ന നിലപാട് എടുത്തു. ഇതോടെ വിദേശി മദ്യം റോഡരികില്‍ ഒഴിച്ചു കളഞ്ഞ് പ്രതിഷേധിച്ചു. അതോടൊപ്പം പ്ലാസ്റ്റിക് മദ്യക്കുപ്പി റോഡില്‍ ഉപേക്ഷിക്കാതെ അദ്ദേഹം മാതൃക കാണിക്കുകയും ചെയ്തു.
കോവളം ബീച്ച് റോഡിലാണ് സംഭവം. സ്റ്റിഗ്ഗ് സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് എന്ന സ്വീഡിഷ് പൗരനാണ് പുതുവര്‍ഷത്തലേന്ന് റോഡില്‍ ദുരനുഭവം നേരിടേണ്ടി വന്നത്. കുറച്ച് കാലമായി കോവളത്ത് താമസിച്ചു വരികയായിരുന്ന സ്റ്റിഗ്ഗ് മുറിയില്‍ പുതുവത്സരം ആഘോഷിക്കാനായാണ് ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് മദ്യം വാങ്ങിയത്. ഇതിനിടെ റോഡില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റിഗ്ഗിനെ തടഞ്ഞുനിര്‍ത്തി ബാഗ് പരിശോധിച്ചു.
ബാഗില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍നിന്ന് വാങ്ങിയ മൂന്നു കുപ്പി മദ്യമുണ്ടായിരുന്നു. ഇതിന്റെ ബില്ല് പോലീസ് ചോദിച്ചെങ്കിലും ബില്ല് സ്റ്റിഗ്ഗ് കയ്യില്‍ കരുതിയിരുന്നില്ല. ബില്ലില്ലെന്ന് അറിയിച്ചപ്പോള്‍ മദ്യം കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന നിലപാടാണ് പോലീസ് എടുത്തത്. പോലീസ് കര്‍ശന നിലപാട് എടുത്തതോടെ അതില്‍ രണ്ടു കുപ്പി മദ്യം സ്റ്റിഗ്ഗ് റോഡരികില്‍ ഒഴിച്ചു കളഞ്ഞു.
സമീപത്തുള്ള ചില ചെറുപ്പക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസ് നിലപാട് മാറ്റി. മദ്യം കളയേണ്ടതില്ലെന്നും ബില്ല് ഹാജരാക്കിയാല്‍ മതിയെന്നും പോലീസ് പറഞ്ഞു. നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ തിരികെ കടയില്‍ പോയി ബില്ല് വാങ്ങിയെത്തിയ സ്റ്റിഗ്ഗ് അത് പോലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
എന്നാല്‍, വിദേശ പൗരന്റെ കൈവശം ഉണ്ടായിരുന്ന മദ്യം പോലീസ് നിര്‍ബന്ധിച്ച് ഒഴിപ്പിച്ചു കളഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഐ.ജി.പിയും സിറ്റി പോലീസ് കമ്മീഷണറുമായ ബല്‍റാം കമാര്‍ ഉപാദ്ധ്യായ അറിയിച്ചു. മുന്‍കാലങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ നടന്നപ്പോള്‍ പ്രശ്‌നങ്ങളുണ്ടായ സ്ഥലങ്ങളില്‍ പോലീസ് ചെക്കിങ് പോയിന്റുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. കോവളം ബീച്ച് റോഡിലേക്ക് പോകുന്ന സ്ഥലത്തുള്ള ചെക്കിങ് പോയിന്റിലാണ് സംഭവം നടന്നത്.
സ്‌കൂട്ടറില്‍ വരികയായിരുന്ന സ്വീഡിഷ് പൗരനായ സ്റ്റിഗ്ഗ് സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് എന്നയാളെ മറ്റുള്ളവരെ പരിശോധിക്കുന്നതിനൊപ്പം തടഞ്ഞുനിര്‍ത്തി പോലീസ് വാഹനം പരിശോധിച്ചു. ഇയാളുടെ സ്‌കൂട്ടറില്‍ ഇന്ത്യന്‍ നിര്‍മിത മൂന്ന് കുപ്പി വിദേശ മദ്യം ഉണ്ടായിരുന്നു. മദ്യം വാങ്ങിയ ബില്‍ കാണിക്കുവാന്‍ പോലീസ് ആവശ്യപ്പെടുകയുമാണുണ്ടായത്.
ഈ സമയം ഇയാള്‍ സ്വമേധയാ മദ്യക്കുപ്പി തുറന്ന് വഴിയരികിലേക്ക് മദ്യം ഒഴുക്കിക്കളയുകയാണ് ചെയ്യത്. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ ആരും തന്നെ വിദേശ പൗരനോട് അപമര്യാദയായി പെരുമാറിയിട്ടില്ലയെന്നും സുരക്ഷാ പരിശോധനകളുടെ ഭാഗമായുള്ള സാധാരണ നടപടി മാത്രമാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല