സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളം സ്വകാര്യവത്കരിക്കുമെന്ന് അറിയിച്ച് കേന്ദ്ര വ്യോമയാന സഹമന്ത്രി വി.കെ സിങ്. രാജ്യസഭയിൽ കോൺഗ്രസ് എം.പി ജെബി മേത്തറിന്റെ ചോദ്യത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. എയർപോർട്ട് അതോറിറ്റിയുടെ കീഴിലുള്ള 25 വിമാനത്താവളങ്ങളാണ് 2022-25 കാലയളവിൽ സ്വകാര്യവത്കരിക്കുന്നത്. ഇതിൽ കോഴിക്കോടും ഉൾപ്പെടുന്നുവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
കോഴിക്കോടിനെ കൂടാതെ ഭുവനേശ്വർ, വാരണാസി, അമൃത്സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പൂർ, കോയമ്പത്തൂർ, നാഗ്പൂർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പൂർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപ്പാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പൂർ, ഡെറാഡൂൺ, രാജമുന്ദ്രി തുടങ്ങിയ വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുന്നത്.
മൂന്ന് വർഷം മുമ്പ് വിമാന അപകടം നടന്നതിന് ശേഷം കോഴിക്കോട്ടേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവെച്ചിരുന്നു. വിമാനത്താവള വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും തമ്മിൽ ഇപ്പോഴും തർക്കം തുടരുകയാണ്. ഇതിനിടെയാണ് വിമാനത്താവള സ്വകാര്യവത്കരണത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല