സ്വന്തം ലേഖകൻ: ഇടവേളക്കുശേഷം എയർ ഇന്ത്യ എക്സ്പ്രസിൽ വീണ്ടും സർവിസ് റദ്ദാക്കൽ. ഈ മാസം ആറിനുള്ള കോഴിക്കോട്-കുവൈത്ത് വിമാനം റദ്ദാക്കി. ചൊവ്വാഴ്ചകളിൽ സർവിസ് ഇല്ലാത്തതിനാൽ ബുധനാഴ്ചയിലേക്ക് നിരവധി പേർ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. സർവിസ് റദ്ദാക്കിയത് യാത്രക്കാരെ പ്രയാസത്തിലാക്കി.
അടുത്തിടെയായി എയർ ഇന്ത്യ എക്സ്പ്രസ് കൃത്യമായ സർവിസ് നടത്തിവരുകയായിരുന്നു. അതിനിടെയാണ് ഈയാഴ്ച രണ്ടാമത്തെ ഷെഡ്യൂൾ മാറ്റം. നവംബർ 30, ഡിസംബർ എഴ് തീയതികളിൽ കുവൈത്തിൽ നിന്നുള്ള കണ്ണൂർ എയർഇന്ത്യ എക്സ്പ്രസുകൾ റദ്ദാക്കിയിട്ടുണ്ട്. ഈ തീയതികൾക്കുപകരം തൊട്ടടുത്ത ദിവസങ്ങളിൽ പകരം സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവർത്തനപരമായ കാരണങ്ങളാലാണ് സർവിസുകളിൽ മാറ്റമെന്നാണ് സൂചന. സീസൺ സമയത്ത് ടിക്കറ്റിന് വലിയ വില നൽകേണ്ടി വരുമെന്നതിനാൽ പ്രവാസികളിൽ നിരവധി പേർ മാസങ്ങൾക്കുമുമ്പേ ചെറിയ നിരക്കിൽ ടിക്കറ്റ് എടുക്കുന്നത് പതിവാണ്.
എന്നാൽ, വിമാനം പുറപ്പെടുന്നതിന്റെ ദിവസങ്ങൾക്കു മുമ്പ് റദ്ദാക്കുന്നതിലൂടെ പെട്ടെന്ന് പുതിയ ടിക്കറ്റ് എടുക്കാൻ വലിയ തുകയാണ് നൽകേണ്ടി വരുന്നത്. ചെറിയ ലീവിന് പോകുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുന്നു. റദ്ദാക്കിയവർക്ക് മുഴുവൻ റീഫണ്ട് ലഭിക്കുമെങ്കിലും അന്നേ ദിവസം മറ്റൊരു വിമാനത്തിന് നേരത്തെ നൽകിയ തുകക്ക് ടിക്കറ്റ് ലഭിക്കുക അസാധ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല