നടി ശ്രീവിദ്യയും ഭരതനും തമ്മിലുള്ള പ്രണയബന്ധത്തേക്കുറിച്ച് തനിക്ക് എല്ലാം അറിയാമായിരുന്നു എന്ന് ഭരതപത്നി കെ പി എ സി ലളിത. ഭരതനും ശ്രീവിദ്യയും വിവാഹിതരാകുമെന്ന് ഒരുകാലത്ത് താന്‍ വിശ്വസിച്ചിരുന്നു എന്നും കെ പി എ സി ലളിത പറയുന്നു. ഗൃഹലക്ഷ്മിയ്ക്കുവേണ്ടി മധു കെ മേനോന് അനുവദിച്ച അഭിമുഖത്തിലാണ് ഭരതന് – ശ്രീവിദ്യ പ്രണയത്തെക്കുറിച്ച് കെ പി എ സി ലളിത തുറന്നുപറയുന്നത്.
“ഭരതേട്ടനും ശ്രീവിദ്യയുമായി മുടിഞ്ഞ പ്രണയമായിരുന്നു. ചെന്നൈയില്‍ എന്റെ വീടിന്റെയടുത്ത് താമസിച്ചുകൊണ്ടിരിക്കുമ്പോള്‍ ശ്രീവിദ്യയ്ക്ക് ഫോണ്‍ ചെയ്യാനായി ഭരതേട്ടന് വീട്ടില്‍ വരാറുണ്ടായിരുന്നു. അവരുടെ പ്രണയത്തേക്കുറിച്ച് എനിക്കറിയും പോലെ മറ്റാര്‍ക്കുമറിയില്ല. ഭരതന് – വിദ്യ ബന്ധം കലങ്ങിയത് അപ്രതീക്ഷിതമായായിരുന്നു.
അതിന് ശേഷം ‘രതിനിര്‍വേദ’ത്തിന്റെ സെറ്റില്‍ വച്ച് നിര്‍മ്മാതാവ് ഹരിപോത്തന് എന്റെയടുത്ത് വന്ന് ‘ഭരതന് ലളിതയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞു. പിന്നീട് ഭരതേട്ടന് വീട്ടില്‍ വന്ന് ഇക്കാര്യം ആവശ്യപ്പെട്ടപ്പോള്‍ ‘താങ്കള്‍ ആത്മാര്‍ത്ഥമായാണ് പറയുന്നതെങ്കില്‍ വിവാഹത്തിന് ഞാന്‍ തയ്യാറാണ്’ എന്ന് ഞാന്‍ അറിയിച്ചു. ‘എന്നെ വിശ്വസിക്കാം’ എന്നായിരുന്നു മറുപടി” – ലളിത പറയുന്നു.
ഭരതന് ഭയങ്കര സംശയാലുവാണെന്നും ഇങ്ങനെയൊരാളുമായുള്ള ബന്ധം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ശ്രീവിദ്യ തന്നോട് പറഞ്ഞിരുന്നതും ലളിത ഓര്‍ക്കുന്നു. അദ്ദേഹവുമായി അഡ്ജസ്റ്റ് ചെയ്തുപോകാന്‍ കഴിയാത്തതുകൊണ്ടാണ് ബന്ധം അവസാനിപ്പിക്കുന്നതെന്നും ശ്രീവിദ്യ പറഞ്ഞിരുന്നു. “ഭരതേട്ടനും വിദ്യയും വിവാഹിതരാകും എന്നുതന്നെ വിശ്വസിച്ച ആളായിരുന്നു ഞാന്‍.
വിദ്യയെ ഭരതേട്ടന് വടക്കാഞ്ചേരിയിലെ വീട്ടിലൊക്കെ കൊണ്ടുപോയി പരിചയപ്പെടുത്തിയതുമാണ്. ആ തലത്തിലേക്ക് വളര്‍ന്ന ബന്ധം പെട്ടെന്നാണ് തകര്‍ന്നത്” – ലളിത വെളിപ്പെടുത്തുന്നു. ശ്രീവിദ്യയുമായുള്ള ബന്ധത്തെച്ചൊല്ലി തങ്ങളുടെ ജീവിതത്തില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും കെ പി എ സി ലളിത പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല