സ്വന്തം ലേഖകന്‍: ദൈവങ്ങള്‍ക്കും കഷ്ടകാലം വരുമെന്ന് പറയുന്നത് വെറുതെയല്ല. പോലീസ് കസ്റ്റഡിയിലായ ഭഗവാന്‍ കൃഷ്ണനെ രക്ഷിക്കാന്‍ നാട്ടുകാര്‍ വേണ്ടി വന്നു. ഒരു ലക്ഷം രൂപ ബോണ്ട് കെട്ടിവെച്ചാണ് ഭഗവാനെ വിശ്വാസികള്‍ പുറത്തിറക്കിയത്.
18 ദിവസം ഫത്തേപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ സ്‌ട്രോംഗ് റൂമില്‍ കഴിഞ്ഞ കൃഷ്ണനെ ചൊവ്വാഴ്ചയാണ് നാട്ടുകാരും വിശ്വാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ശിവ്‌രാജ്പൂര്‍ ഗ്രാമത്തിലെ ഗിരിധര്‍ ഗോപാല്‍ജി കാ മന്ദിറിലെ പ്രതിഷ്ഠയായിരുന്ന പതിനഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന കൃഷ്ണവിഗ്രഹം കഴിഞ്ഞ മാസം മോഷണം പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഇക്കാര്യത്തില്‍ ക്ഷേത്രം പൂജാരിമാര്‍ ആംഗ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജഹന്‍ബാദിലെ ദസീന്‍പൂര്‍ ഗ്രാമത്തിലെ ഒരു വയലില്‍ നിന്നും വിഗ്രഹം കണ്ടെത്തി. എന്നാല്‍ നിയമക്കുരുക്കു മൂലം വിഗ്രഹം വിശ്വാസികള്‍ക്ക് നല്‍കാനാകാതെ വന്നതിനാല്‍ ആംഗ് പോലീസ് കൃഷ്ണനെ സ്‌ട്രോംഗ് റൂമില്‍ പൂട്ടിയിട്ടു.
ഒരു ലക്ഷം രൂപ ബോണ്ട് നല്‍കിയാല്‍ മാത്രമേ വിഗ്രഹം വിട്ടു തരൂ എന്നായിരുന്നു പോലീസ് നിലപാട്. ഒടുവില്‍ ഗ്രാമീണര്‍ പിരിവെടുത്ത് ഒരു ലക്ഷം രൂപ സ്വരൂപിച്ച് കെട്ടിവച്ചതോടെ വിഗ്രഹം മോചിപ്പിക്കാന്‍ പോലീസ് അധികാരികള്‍ അനുമതി നല്‍കി.
പോലീസ് സ്‌റ്റേഷനില്‍ നിന്നും നാട്ടുകാര്‍ തിരിച്ചെടുത്ത വിഗ്രഹം കീര്‍ത്തനങ്ങളുടേയും രാമായണ്‍ ഭജന്റെയും അകമ്പടിയോടെ വ്യാഴാഴ്ച പുന:പ്രതിഷ്ഠ നടത്തി. പതിനഞ്ചാം നൂറ്റാണ്ടില്‍ ചിത്തോര്‍ഗര്‍ രാജ്ഞി മീര വാങ്ങിയതാണ് ഈ പ്രതിഷ്ഠയെന്നാണ് വിശ്വാസം. 100 കോടി രൂപയാണ് വിഗ്രഹത്തിന് കണക്കാക്കിയിരിക്കുന്ന വില.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല