സ്വന്തം ലേഖകന്‍: ‘സര്‍, ‘ഛോട്ടാ ഭീം’ എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നു, എനിക്കിപ്പോള്‍ അറിയാം, നിങ്ങള്‍ മലയാള സിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന്,’ മോഹന്‍ലാലിനെ അപമാനിച്ച ഹിന്ദി നടന്‍ കെആര്‍കെ മാപ്പപേക്ഷയുമായി രംഗത്ത്. മോഹന്‍ലാലിനെ അപഹസിക്കുന്ന സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ വിവാദത്തിനു ആരാധകരുമായി ട്വിറ്റര്‍ യുദ്ധത്തിനും തിരികൊളുത്തിയ കമാല്‍ റഷീദ് ഖാന്‍ എന്ന കെആര്‍കെയാണ് ക്ഷമ ചോദിച്ച് രംഗത്തെത്തിയത്.
‘ഛോട്ടാ ഭീം’ എന്ന് വിളിച്ചതിന് ക്ഷമ ചോദിക്കുന്നുവെന്നും എനിക്ക് നിങ്ങളെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നുമാണ് കെആര്‍കെയുടെ പുതിയ ട്വീറ്റ്. ‘എനിക്കിപ്പോള്‍ അറിയാം, നിങ്ങള്‍ മലയാളസിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ ആണെന്ന്’ കെആര്‍കെ ട്വിറ്ററില്‍ കുറിച്ചു. അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെ ബോളിവുഡിലെ നിരവധി പ്രമുഖരെ പരിഹസിക്കുകയും അവരുമായി കൊമ്പുകോര്‍ക്കുകയും ചെയ്യുന്ന ട്വീറ്റുകള്‍ വഴി കുപ്രസിദ്ധനാണ് കെആര്‍കെ.
കാഴ്ചയില്‍ ‘ഛോട്ടാ ഭീമി’നെപ്പോലെയാണ് മോഹന്‍ലാലെന്നും അദ്ദേഹത്തിനെങ്ങനെ മഹാഭാരതത്തിലെ ഭീമസേനനെ അവതരിപ്പിക്കാനാവുമെന്നുമായിരുന്നു കെആര്‍കെയുടെ വിവാദ ട്വീറ്റ്. നിര്‍മ്മാതാവിന്റെ പണം വെറുതെ പാഴാക്കണമോ എന്നും കെആര്‍കെ കളിയാക്കി. എന്നാല്‍ കെആര്‍കെയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ കൂട്ടമായി ആക്രമണം നടത്തിയ മലയാളികള്‍ കെആര്‍കെയെ കൂടുതല്‍ പ്രകോപിപ്പിച്ചു. മോഹന്‍ലാലിനെതിരേ കൂടുതല്‍ പരിഹാസം ചൊരിയുകയായിരുന്നു തുടര്‍ദിവസങ്ങളില്‍ കെആര്‍കെ.
മലയാളികള്‍ തന്നെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും താന്‍ മോഹന്‍ലാലിന്റെ അഭിനയം കണ്ടിട്ടുള്ള രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളില്‍ അദ്ദേഹം ഒരു ജോക്കറിനെപ്പോലെയുണ്ടായിരുന്നുവെന്ന പ്രസ്താവനയുമായി കെആര്‍കെ വീണ്ടുമെത്തി. തുടര്‍ന്ന് കെആര്‍കെയുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായും മാപ്പു പറഞ്ഞിലെങ്കില്‍ വിവരങ്ങള്‍ പരസ്യമാക്കുമെന്നും മല്ലു ഹാക്കര്‍മാര്‍ മുന്നറിയിപ്പു നല്‍കി. കൊടുമ്പിരി കൊണ്ട വിവാദത്തിന് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് കെആര്‍കെ മാപ്പുപറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.
എംടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴമെന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന മഹാഭാരതമെന്ന ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭീമനെന്ന കഥാപാത്രമായാണ് മോഹന്‍ലാലെത്തുന്നത്. 1000 കോടി മുതല്‍ മുടക്കി ബി.ആര്‍. ഷെട്ടിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ വാര്‍ത്ത ഇന്ത്യയിലെ സിനിമ രംഗത്ത് വന്‍ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. തുടര്‍ന്നാണ് മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്ന നിലയില്‍ പരിഹസിച്ചുള്ള ട്വിറ്റര്‍ പോസ്റ്റുമായി കെആര്‍കെ രംഗത്തെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല