സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള സ്ട്രൈക്കേഴ്സിന് രണ്ടാം ജയം. അവസാന ഓവറിലെ അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഒരു റണ്‍സിന് ബംഗാള്‍ ടൈഗേഴ്സിനെ മറികടക്കുകയായിരുന്നു കേരളം. മികച്ച ഫോമിലുള്ള ഓപ്പണര്‍ രാജീവ് പിള്ള 42 പന്തില്‍ 59 റണ്‍സ് നേടി കേരളത്തെ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സിലെത്തിച്ചു. ബംഗാളിന് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 148 റണ്‍സിലെത്താനെ കഴിഞ്ഞുള്ളു.
ജയത്തോടെ സെമി സാധ്യത നിലനിര്‍ത്താനും കേരള ടീമിനായി. നാല് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ 4 പോയിന്‍റുമായി നാലാം സ്ഥാനത്താണ് കേരളം. ഇന്ന് കര്‍ണാടക ബുള്‍ഡോസേഴ്സിനെ നേരിടുന്ന കേരളത്തിന് ഈ പോരാട്ടത്തിലും ജയിച്ചാല്‍ സെമിയില്‍ കടക്കാനാകും.
രാജീവിനെക്കൂടാതെ 24 പന്തില്‍ 21 റണ്‍സ് നേടിയ പ്രജോദ് കലാഭവനും 10 പന്തില്‍ 21 റണ്‍സ് നേടിയ വിവേക് ഗോപനും കേരളത്തിനായി മികച്ച സ്കോറുകള്‍ കണ്ടെത്തി. ബംഗാള്‍ ടീമിനായി 41 പന്തില്‍ 69 റണ്‍സ് അടിച്ചുകൂട്ടിയ ജിഷുവും 41 പന്തില്‍ 28 റണ്‍സ് നേടിയ സാന്‍ഡിയും മികച്ച സ്കോറുകള്‍ കണ്ടെത്തി. കേരളത്തിനായി വിവേക് ഗോപന്‍, സൈജു കുറുപ്പ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല