സ്വന്തം ലേഖകന്‍: ‘മഞ്ഞള്‍പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി’ പാടി സമൂഹ മാധ്യമങ്ങളുടെ ഹൃദയം കവര്‍ന്ന കൊച്ചുമിടുക്കി കെഎസ് ചിത്രയെ കണ്ടപ്പോള്‍. കൊച്ചു ഗായികയുടെ പാട്ടില്‍ വൈറലായതോടെ ആര്‍ക്കെങ്കിലും ഈ അത്ഭുത ബാലികയെ തിരിച്ചറിയാന്‍ സാധിക്കുമോയെന്ന് ചോദിച്ച് പാടുന്ന ഈ കുട്ടിയുടെ വിഡിയോ ചിത്ര തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്ക് വച്ചിരുന്നു. ഇപ്പോള്‍ ഈ കൊച്ചു ഗായികയെ നേരിട്ട് കണ്ടിരിക്കുകയാണ് കെ.എസ്.ചിത്ര.
തന്റെ ഫെയ്‌സ്ബുക്ക് പേജ് വഴിയാണ് വൈറലായി മാറിയ മഞ്ഞള്‍പ്രസാദം പാടിയ രുഗ്മിണിയെ കണ്ടുവെന്ന് ചിത്ര അറിയിച്ചിരിക്കുന്നത്. ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വൈറലായ മഞ്ഞള്‍പ്രസാദവും എന്ന പാട്ട് പാടിയ കൊച്ചുകുട്ടിയായ രുഗ്മിണിയെ ഞാന്‍ കണ്ടു. മുപ്പത് മാസം മാത്രം പ്രായമുള്ള കുഞ്ഞ് കുറച്ച് മാത്രമേ സംസാരിക്കൂ. വളരെ വിഷമം പിടിച്ച പാട്ടുകള്‍ എടുത്ത് ശരിയായ പിച്ചില്‍ തന്നെ പാടുന്നു. എന്നാല്‍ എന്റെ മുന്നില്‍ പാടാന്‍ അവള്‍ വിസമ്മതിച്ചു. എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും ദൈവം അവള്‍ക്ക് നല്‍കട്ടെ. നമുക്കൊരു ലതാ മങ്കേഷ്‌കര്‍ ഉണ്ടാവട്ടെ ‘ ചിത്ര തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഹരിഹരന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ ഒ. എന്‍.വി കുറുപ്പ് രചിച്ച് ബോംബെ രവി ചിട്ടപ്പെടുത്തിയ ഈ ഗാനമാണ് 1986 ല്‍ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ചിത്രയ്ക്ക് നേടിക്കൊടുത്തത്. കരിമഷി കൊണ്ട് കണ്ണെഴുതി വട്ടപ്പൊട്ടിട്ട് നിഷ്‌ക്കളങ്കമായി ഈ പാട്ടുപാടുന്ന കൊച്ചു പെണ്‍കുട്ടി ചിത്രയുടേയും സമൂഹ മാധ്യമങ്ങളുടേയും ഓമനയാകുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല