കലൂര്‍ ജവഹര്‍ലാല്‍ സ്റേഡിയത്തില്‍ ആര്‍ത്തിരമ്പി ആര്‍പ്പുവിളിച്ച ആയിരങ്ങളെ സാക്ഷിനിര്‍ത്തി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മോഹന്‍ലാല്‍ ക്യാപ്റ്റനായുള്ള കേരള സ്ട്രൈക്കേഴ്സ് ആദ്യ വിജയം നേടി. ബോളിവുഡ്ഡിന്റെ പെരുമയുമായെത്തിയ മുംബൈ ഹീറോസിനെ 10 വിക്കറ്റിനാണ് കേരള സ്ട്രൈക്കേഴ്സ് പരാജയപ്പെടുത്തിയത്. ഹോം ഗ്രൌണ്ടില്‍ സമഗ്ര ആധിപത്യത്തോടെയായിരുന്നു സ്ട്രൈക്കേഴ്സിന്റെ വിജയം. സ്ട്രൈക്കേഴ്സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ ഹീറോസ് പയറ്റിയ തന്ത്രങ്ങളെല്ലാം വെള്ളത്തിലാകുകയായിരുന്നു.
63 പന്തില്‍ നിന്ന് 75 റണ്‍സ് നേടി രാജീവ് പിള്ളയാണ് സ്ട്രൈക്കേഴ്സിന്റെ കന്നിവിജയത്തിന്റെ അമരക്കാരനായത്. 38 പന്തില്‍ നിന്ന് നവീന്‍ 16 റണ്‍സ് നേടി. ട്വന്റി-20, ഏകദിന മത്സരത്തിന്റെ എല്ലാ ആവേശവും അതേപടി കാത്ത മത്സരത്തിനാണ് കലൂര്‍ സ്റേഡിയം സാക്ഷ്യം വഹിച്ചത്. ടോസിന്റെ ആനുകൂല്യത്തില്‍ ബാറ്റിംഗിനിറങ്ങിയ മുംബൈ ഹീറോസിന്റെ സ്കോര്‍ 128 റണ്‍സിലൊതുക്കാനായതാണ് സ്ട്രൈക്കേഴ്സിന്റെ വിജയം.
ഇന്നലെ കന്നി മത്സരത്തില്‍ ചെന്നൈ റൈനോസിനോട് പരാജയപ്പെട്ടതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് സ്ട്രൈക്കേഴ്സ് ഇന്ന് വീണ്ടും ഗ്രൌണ്ടില്‍ ഇറങ്ങിയത്. ഇന്നലത്തെ തോല്‍വിക്ക് കാരണമായ എക്സ്ട്രാസിന്റെ കാര്യത്തില്‍ കേരള സ്ട്രൈക്കേഴ്സ് ഇന്നും പിശുക്ക് കാട്ടിയില്ല. 28 എക്സ്ട്രാകളാണ് നല്‍കിയത്. എക്സ്ട്രാസ് നല്‍കുന്ന കാര്യത്തില്‍ ഹീറോസും ഉദാരമനസ്കരായിരുന്നു. 38 എക്സ്ട്രാകളാണ് അവര്‍ നല്‍കിയത്. 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ബിനീഷ് കോടിയേരിയാണ് സ്ട്രൈക്കേഴ്സിന്റെ ബൌളിംഗില്‍ താരമായത്.
129 എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന്റെ ഓപ്പണര്‍മാര്‍ ശരിക്കും നന്നായി സൂത്രണം ചെയ്താണ് ഓരോ പന്തും കളിച്ചത്, ഓരോ റണ്ണും നേടിയത്. ശരിക്കും അന്താരാഷ്ട്ര താരങ്ങളുടെ പ്രകടനത്തെ അനുസ്മരിപ്പിക്കുംവിധമായിരുന്നു രാജീവ് പിള്ളയുടെ ബാറ്റിങ് പ്രകടനം. അത്ര കൃത്യവും സാങ്കേതികത്തികവുമുറ്റതായിരുന്നു ഓരോ ഷോട്ടും. ഒരുവേളയിലും കേരളത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല