സ്വന്തം ലേഖകന്‍: മീറ്റര്‍ റീഡിംഗിനെത്തുമ്പോള്‍ വീട് പൂട്ടിയിട്ടാല്‍ പിഴ, തീരുമാനം മരവിപ്പിക്കാന്‍ കെഎസ്ഇബി നിര്‍ദ്ദേശം. രണ്ട് തവണ തുടര്‍ച്ചയായി മീറ്റര്‍ റീഡിംഗ് എടുക്കാനായില്ലെങ്കില്‍ പിഴ ഈടാക്കാനുള്ള തീരുമാനം തിരക്കിട്ട് നടപ്പാക്കേണ്ടെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചു. വ്യാപക പ്രതിഷേധം ഉയരുകയും ആശങ്കകള്‍ ദൂരീകരിച്ചശേഷം നടപ്പാക്കിയാല്‍ മതിയെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍ദ്ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കെ.എസ്.ഇ.ബി ഇക്കാര്യമറിയിച്ച് ഇന്നലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.
സ്‌പെഷ്യല്‍ മീറ്റര്‍ റീഡിംഗിനും ഡോര്‍ ലോക്ക്ഡ് ഉപഭോക്താക്കള്‍ക്ക് അവരുടെ വിവരം സെക്ഷനില്‍ അറിയിക്കാനും സൗകര്യം ഉറപ്പാക്കിയശേഷമേ ഉത്തരവ് നടപ്പാക്കൂവെന്നാണ് കെ.എസ്.ഇ.ബി അറിയിച്ചിരിക്കുന്നത്. മീറ്റര്‍ റീഡിംഗ് നടത്താനായില്ലെങ്കില്‍ പിഴ ഈടാക്കാമെന്ന വ്യവസ്ഥ വൈദ്യുതി റഗുലേറ്ററി കമ്മിഷനാണ് കൊണ്ടുവന്നത്. ഇതിന് മുന്നോടിയായി കമ്മിഷന്‍ ഉപഭോക്താക്കളില്‍ നിന്ന് വാദം കേട്ടിരുന്നു. എറണാകുളത്ത് നടന്ന വാദംകേള്‍ക്കലില്‍ ഉപഭോക്താക്കളുടെ പ്രതിനിധികളാരും പങ്കെടുത്തില്ല. തുടര്‍ന്നാണ് കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ അംഗീകരിച്ചത്. ഇതനുസരിച്ച് സെപ്തംബര്‍ ഒന്ന് മുതല്‍ നടപ്പില്‍വരുത്തിക്കൊണ്ടുള്ള ഉത്തരവ് കെ.എസ്.ഇ.ബി പുറപ്പെടുവിച്ചു.
തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റഗുലേറ്ററി കമ്മിഷന്‍ ആസ്ഥാനത്തേക്ക് തള്ളിക്കയറി. തുടര്‍ന്ന്, വിഷയം പരിശോധിക്കാമെന്ന ഉറപ്പ് സമരക്കാര്‍ക്ക് ലഭിച്ചു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്രശ്‌നത്തില്‍ പ്രായോഗിക സമീപനം കൈക്കൊള്ളുമെന്ന് റഗുലേറ്ററി കമ്മിഷന്‍ അംഗം എസ്. വേണുഗോപാല്‍ കേരളകൗമുദിയോട് പറഞ്ഞു. ചെയര്‍മാന്‍ ടി.എം. മനോഹരന്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹം എത്തിയശേഷം തുടര്‍നടപടി കൈക്കൊള്ളും.
ഗേറ്റ് പൂട്ടിയതിനാല്‍ തുടര്‍ച്ചയായി രണ്ടുതവണ റീഡിംഗ് എടുക്കാന്‍ കഴിയാതെ വന്നാല്‍ ആദ്യം നോട്ടീസ് നല്‍കും. പിഴയീടാക്കി മീറ്റര്‍ റീഡിംഗ് എടുക്കാന്‍ സൗകര്യമൊരുക്കാന്‍ ഏഴുദിവസം അനുവദിക്കും. ഈ സമയത്തിനുള്ളില്‍ സൗകര്യം ചെയ്തില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും. ഇങ്ങനെ വിച്ഛേദിച്ചാല്‍ റീ കണക്ഷന്‍ നല്‍കുന്നത് കുടിശിക തീര്‍ത്ത ശേഷമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല