സ്വന്തം ലേഖകന്‍: കേരളാ എസ്ആര്‍ടിസി ഡീലക്‌സ് ബസില്‍ ഡ്രൈവറും കണ്ടക്ടറും കയ്യാങ്കളി, കലിപ്പു തീരാതെ ബസ് അടിച്ചു തകര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇരുവരും വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസ് തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.
സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ നടപടിയെടുത്തു. തൃശൂരില്‍നിന്ന് സര്‍വീസ് നടത്തുന്ന ഡീലക്‌സ് ബസാണ് ബംഗളൂരില്‍വച്ച് ഇരുവരും തകര്‍ത്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ബസിന്റെ ഡ്രൈവറും കണ്ടക്ടറും തമ്മില്‍ പിണങ്ങിയതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഡ്രൈവര്‍ തന്റെ കാബിന്‍ അകത്തുനിന്നും പൂട്ടി. കണ്ടക്ടര്‍ എത്തി ആവശ്യപ്പെട്ടിട്ടും വാതില്‍ തുറക്കാന്‍ ഡ്രൈവര്‍ തയ്യാറായില്ല. തുടര്‍ന്ന് വാതിലിന്റെ ചില്ല് തകര്‍ത്ത കണ്ടക്ടര്‍ കാബിന്റെ അകത്തുകടന്നു. ഇതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി. യാത്രക്കാരെ സാക്ഷിയാക്കിയായിരുന്നു സംഭവമിത്രയും.
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇതോടെ എം പാനല്‍ ഡ്രൈവര്‍ എം.കെ അനൂപിനെ സര്‍വീസില്‍നിന്നും നീക്കി. കണ്ടക്ടര്‍ എം. സതീശന് സസ്‌പെന്‍ഷനും നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല