സ്വന്തം ലേഖകന്‍: കേരളത്തില്‍ വിമാനമിറങ്ങുന്നവരെ മാടിവിളിച്ച് ഫ്‌ലൈ ബസുമായി കെഎസ്ആര്‍ടിസി. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും അടുത്തുള്ള നഗരങ്ങളിലേക്ക് കെഎസ്ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നു. ‘ഫ്‌ലൈ ബസ്’ എന്ന പേരിലാണ് പുതിയ സര്‍വീസ്.
കൃത്യസമയത്തുള്ള സര്‍വീസ് ഓപ്പറേഷന്‍, വെടിപ്പായും വൃത്തിയായുമുള്ള സൂക്ഷിപ്പ്, ഹൃദ്യമായ പരിചരണം, ലഗേജുകള്‍ക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണം എന്നിവയാണ് ഈ സര്‍വീസിന്റെ പ്രത്യേകതളെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം ആഗമനം/പുറപ്പെടല്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസുകളാക്കി മാറ്റുകയാണുണ്ടായത്.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്‌ലൈ ബസുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ലൈ ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ഭാവിയില്‍ ഫ്‌ലൈ ബസുകള്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തില്‍നിന്നു നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏര്‍പ്പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല