1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 16, 2017

സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കിയതായി ആശങ്കയുണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യ, ഇന്ത്യയുടെ വാദങ്ങള്‍ തള്ളി പാകിസ്താന്‍. ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ യാദവിന് പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരായ ഇന്ത്യയുടെ വാദം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആരംഭിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഹരീഷ് സാല്‍വേയാണ് ഹാജരായത്. വിയന്ന കണ്‍വന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 36 ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് ഇന്ത്യയുടെ പ്രധാന ആരോപണം.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ എത്രയും വേഗം റദ്ദാക്കണമെന്നും പാകിസ്ഥാന്‍ ചെയ്തത് വിയന്ന കരാറിന്റെ നഗ്‌നമായ ലംഘനമാണെന്നും ഇന്ത്യ കോടതിയില്‍ വ്യക്തമാക്കി. അതേസമയം കുല്‍ഭൂഷണിന്റെ കുറ്റസമ്മത വീഡിയോ കാണേണ്ടെന്ന് പാകിസ്ഥാനോട് വ്യക്തമാക്കിയ അന്താരാഷ്ട്ര നീതിന്യായ കോടതി വീഡിയോ പ്രദര്‍ശിപ്പിക്കാനുള്ള പാകിസ്ഥാന്റെ നീക്കം കോടതി തടയുകയും ചെയ്തു.

കുല്‍ഭൂഷന്‍ കേസിന്റെ വിശദാംശങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കാനാകില്ലെന്ന് പാകിസ്താന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അന്താരഷട്ര നീതിന്യായ കോടതിക്ക് ദേശീയ സുരക്ഷ സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ല. പാക് കോടതി നടപടികള്‍ കംഗാരു കോടതിക്ക് തുല്യമാണെന്ന ഇന്ത്യയുടെ വാദം വിചിത്രമാണെന്നും പാകിസ്താന് വേണ്ടി അറ്റോര്‍ണി ജനറല്‍ അസ്താര്‍ അൗസഫ് അന്തരാഷ്ട്ര കോടതിയെ അറിയിച്ചു.

കുല്‍ഭൂഷന്‍ യാദവിനെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ട് വന്ന് കുറ്റസമ്മതം നേടിയെടുക്കുകയായിരുന്നെന്ന ഇന്ത്യയുടെ വാദം പാകിസ്താന്റെ അഭിഭാഷകന്‍ നിരസിച്ചു. ഇന്ത്യയുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് പാസിക്താന്‍ കുറ്റപ്പെടുത്തി. വിയന്ന കണ്‍വന്‍ഷന്‍ ധാരണകള്‍ ലംഘിച്ചുവെന്ന ഇന്ത്യയുടെ ആരോപണവും പാകിസ്താന്‍ നിരസിച്ചു. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടരുതെന്നാണ് വിയന്ന കണ്‍വന്‍ഷനിലെ ധാരണ. ചാരവൃത്തിയും തീവ്രവാദവും പൂര്‍ണമായും ആഭ്യന്തര വിഷയമാണെന്നും പാക് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.