സ്വന്തം ലേഖകന്‍: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു, പാകിസ്താന് കനത്ത തിരിച്ചടി, ദേശ സുരക്ഷ സംബന്ധിച്ച കേസായതിനാല്‍ അന്താരാഷ്ട്ര കോടതി ഇടപെടരുതെന്ന് പാക് സര്‍ക്കാര്‍. കുല്‍ഭൂഷന്റെ വധശിക്ഷ നടപ്പാക്കുന്നത് കോടതി ഓഗസ്റ്റ് ഒന്ന് വരെയാണ് സ്‌റ്റേ ചെയ്തത്. കേസില്‍ അന്തിമ വിധി പറയുന്നത് വരെ ശിക്ഷ നടപ്പാക്കരുത്. അതുവരെ കുല്‍ഭൂഷന്റെ ശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പാക്കാന്‍ പാകിസ്താന്‍ എല്ലാ നടപടിയും സ്വീകരിക്കണം. ജാദവിന് വിയന്ന കണ്‍വന്‍ഷന്‍ പ്രകാരമുള്ള എല്ലാ നയതന്ത്ര സഹായം ഇന്ത്യ നല്‍കണമെന്നും രാജ്യാന്തര നീതിന്യായ കോടതി വ്യക്തമാക്കി.
രാജ്യാന്തര നീതിന്യായ കോടതിയിലെ 11 അംഗ ബെഞ്ച് അധ്യക്ഷന്‍ റോണി ഏബ്രാഹം ആണ് വിധി പറഞ്ഞത്. ബെഞ്ച് ഏകകണ്ഠമായാണ് വിധി പറയുന്നതെന്നും ജസ്റ്റീസ് റോണി ഏബ്രാഹം വ്യക്തമാക്കി. കേസില്‍ രാജ്യാന്തര കോടതിക്ക് ഇടപെടാന്‍ ആവില്ലെന്ന് പാകിസ്താന്‍ വാദം കോടതി ആദ്യമേ തള്ളിയിരുന്നു. കുല്‍ഭുഷന് വധശിക്ഷ വിധിച്ചത് വിയന്ന കരാറിന്റെ ലംഘനമാണെന്ന ഇന്ത്യയുടെ വാദം കണ്‍വന്‍ഷന്റെ 36 ആം ആര്‍ട്ടിക്കിള്‍ പ്രകാരം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കി. ജാദവിന് നയതന്ത്ര, നിയമപരമായ സഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. അത് ഇന്ത്യ നല്‍കണമായിരുന്നു.
കുല്‍ഭൂഷനെ ചാരവൃത്തിയുടെ പേരിലാണ് അറസ്റ്റു ചെയ്തതെന്നും അതിനാല്‍ അത് പാകിസ്താന്റെ ആഭ്യന്ത വിഷയമായതിനാല്‍ അതില്‍ ഇടപെടാനാവില്ലെന്നുമായിരുന്നു പാകിസ്താന്റെ വാദം. 2008ലെ ഉഭയകക്ഷി ഉടമ്പടി രാജ്യാന്തര കോടതിയുടെ അധികാര പരിധിക്ക് പുറത്താണെന്നും പാകിസ്താന്‍ ഉന്നയിച്ചു. കുല്‍ഭൂഷന്‍ ചാരനാണ്. ഇന്ത്യയ്ക്കു വേണ്ടി വ്യാജ പേരില്‍ ചാരപ്പണി ചെയ്യുന്നതിനിടെ ബലൂചിസ്താനില്‍ നിന്നാണ് പിടിയിലായതെന്നും പാകിസ്താന്‍ പറഞ്ഞു. എന്നാല്‍ തീവ്രവാദ കേസിലാണെങ്കില്‍ പോലും ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കമുണ്ടെങ്കില്‍ രാജ്യാന്തര കോടതിക്ക് ഇടപെടാമെന്ന് വിയന്ന കരാറില്‍ പറയുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.
പാകിസ്താന്റെ വാദങ്ങള്‍ ഏറെക്കുറെ തള്ളിക്കൊണ്ടാണ് രാജ്യാന്തര കോടതി ഇടക്കാല വിധി പറഞ്ഞത്. പാകിസ്താന്‍ നിയമമനുസരിച്ച് ശിക്ഷ വിധിച്ചുകഴിഞ്ഞാല്‍ 40 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ കുല്‍ഭൂഷന് അവകാശമുണ്ട്. എന്നാല്‍ അദ്ദേഹം അത് നടത്തിയോ എന്ന് വ്യക്തമല്ല. കുല്‍ഭൂഷനെ കാണാനുള്ള അമ്മയുടെ അപേക്ഷ പാകിസ്താന്‍ സര്‍ക്കാരിന് കൈമാറിയതായി ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ദേശസുരക്ഷ സംബന്ധിച്ച കേസുകളില്‍ വിധി പറയാന്‍ അന്താരാഷ്ട്ര കോടതിക്ക് അധികാരമില്ലെന്നും കേസ് അന്താരാഷ്ട്ര കോടതിയില്‍ എത്തിച്ചതിലൂടെ ഇന്ത്യ അവരുടെ യഥാര്‍ത്ഥ മുഖം മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്നും പാക് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല