സ്വന്തം ലേഖകന്‍: പാക് ജയിലിലുള്ള മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ് ഭീകരാക്രമണങ്ങളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായി പാകിസ്താന്‍. പാക് കോടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവ് പാകിസ്താനില്‍ ഈ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിവരം കൈമാറിയെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ പാക് പത്രമായ ‘ഡോണി’ന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
എന്നാല്‍, ജാദവ് കൈമാറിയ വിവരങ്ങള്‍ എന്തൊക്കെയാണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ജാദവ് ഇന്ത്യന്‍ ചാരനായിരുന്നുവെന്ന് തെളിയിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും ലഭിച്ചിട്ടുണ്ടെന്ന് പാക് അറ്റോണി ജനറല്‍ അസ്തര്‍ യുസുഫ് പറഞ്ഞു. സുരക്ഷ മുന്‍നിര്‍ത്തി ഇതേക്കുറിച്ചുള്ള വിവരം പുറത്തുവിടാന്‍ കഴിയില്ല. ഈ രേഖകള്‍ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സമര്‍പ്പിക്കും. അന്താരാഷ്ട്ര കോടതി ജാദവിന്റെ വധശിക്ഷ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത് നിയമപരമായ നടപടിക്രമം മാത്രമാണ്. അത് ഇന്ത്യയുടെ വിജയമോ പാകിസ്താന്റെ പരാജയമോ അല്ല.
കേസില്‍ പാകിസ്താന്‍ വിജയിക്കുക തന്നെ ചെയ്യുമെന്നും ഹേഗിലെ കോടതിയില്‍ കേസ് വാദിക്കുന്ന അഭിഭാഷക സംഘത്തെ മാറ്റുകയല്ല ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക് പട്ടാളക്കോടതി ജാദവിന് വിധിച്ച വധശിക്ഷ കഴിഞ്ഞ മേയ് 18 നാണ് അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്തത്. ഇതേ തുടര്‍ന്ന് കേസ് ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന് ആരോപിച്ച് പാക് സര്‍ക്കാറിനെതിരെ പാകിസ്താനില്‍ വിമര്‍ശനം ശക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല