സ്വന്തം ലേഖകന്‍: കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ, കോടതി ഉത്തരവും കുറ്റപത്രവും നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തോട് മുഖം തിരിച്ച് പാകിസ്താന്‍, ചാര പ്രവര്‍ത്തനത്തിന്റെ തെളിവുകള്‍ പാക് സര്‍ക്കാര്‍ യുഎന്നിന് കൈമാറുമെന്ന് സൂചന. മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച സംഭവത്തില്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥനയോട് പാകിസ്താന്‍ പ്രതികരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. കുല്‍ഭൂഷനെതിരായ കുറ്റപത്രവും അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു കൊണ്ടുള്ള പാകിസ്താന്‍ സൈനിക കോടതി ഉത്തരവും ലഭ്യമാക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ ഇക്കാര്യത്തില്‍ പാക് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഗോപാല്‍ ബഗ്‌ളേ വ്യക്തമാക്കി. കുല്‍ഭൂഷന്റെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവാലെ പാക് വിദേശകാര്യ സെക്രട്ടറി തെഹ്മിന ജംജൗയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. കുറ്റപത്രവും കോടതി ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കണമെന്ന് ഈ കൂടിക്കാഴ്ചയിലും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ പാകിസ്താന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി പാകിസ്താന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യ വിസ നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ വിസ പോലും അനുവദിക്കേണ്ടതില്ലെന്നാണ് തീരുമാനം. അതേസമയം കുല്‍ഭൂഷണ്‍ ജാദവ് ചാരവൃത്തി നടത്തിയതിന് തെളിവുണ്ടെന്ന് പാകിസ്താന്‍ വീണ്ടും അവകാശവാദം ഉന്നയിച്ചു. കുല്‍ഭൂഷണ്‍ യാദവിനെതിരായ തെളിവുകള്‍ പാകിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് കൈമാറിയേക്കുമെന്നാണ് സൂചന. കറാച്ചിയിലും ബലൂചിസ്ഥാനിലും ചാരപ്രവര്‍ത്തി നടത്തിയിട്ടുണ്ടെന്ന് കുല്‍ഭൂഷണ്‍ സൈനിക കോടതിയില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഇത് ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് യുഎന്നിന് കൈമാറുക.
സൈനിക കോടതി ജനറല്‍ സക്ഷ്യപ്പെടുത്തിയ രേഖകളും കോടതി നടപടിക്രമങ്ങളുടെ വിവരങ്ങളും സമര്‍പ്പിക്കും. തെളിവുകള്‍ യുഎന്നിന് കൈമാറുന്നതിലൂടെ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം നേടുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം. കേസിന്റെ വിവരങ്ങള്‍ പാകിസ്താനിലെ വിവിധ രാജ്യങ്ങളുടെ അംബാസിഡര്‍മാര്‍ക്കും മറ്റ് ആഗോള സംഘടനകള്‍ക്കും കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല