1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2018

സ്വന്തം ലേഖകന്‍: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍. ബ്രിട്ടണിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തകന്‍ , പത്രാധിപര്‍,ഗ്രേറ്റ് ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുള്ള വ്യക്തിയാണ് നയ്യര്‍. ‘അന്‍ജാം’ എന്ന ഉര്‍ദു പത്രത്തിലായിരുന്നു നയ്യറുടെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം.

തുടര്‍ന്ന് അമേരിക്കയിലെ ഇല്യൂനോവിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദമെടുത്തു. ഇന്ത്യയില്‍ തിരിച്ചെത്തിയ നയ്യര്‍ കുറച്ചുകാലം കേന്ദ്ര സര്‍വ്വീസില്‍ ജോലി ചെയ്തിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ നയ്യറുടെ ഇന്ത്യന്‍ എക്‌സ്പ്രസിലെ ഭരണകൂടവിരുദ്ധ റിപ്പോര്‍ട്ടുകള്‍ അദ്ദേഹത്തെ പ്രശസ്തനാക്കി. ഇക്കാരണത്താല്‍ അദ്ദേഹത്തിന് അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിക്കേണ്ടതായും വന്നിട്ടുണ്ട്.

1990ല്‍ അദ്ദേഹം ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായി. 1996ല്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു നയാര്‍. 1997 ആഗസ്റ്റില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.ഇന്ത്യാപാകിസ്താന്‍ സൗഹൃദത്തിന്റെ ശക്തമായ വക്താവും കൂടിയാണ് നയ്യര്‍. ബിറ്റ്‌വീന്‍ ദ ലൈന്‍സ്, ഡിസ്റ്റന്റ് നൈബേഴ്‌സ്: എ ടെയ്ല്‍ ഓഫ് സബ്‌കോണ്ടിനെന്റ്, ഇന്ത്യ ആഫ്റ്റര്‍ നെഹ്‌റു, വാള്‍ അറ്റ് വാഗാ: ഇന്ത്യാപാകിസ്താന്‍ റിലേഷന്‍ഷിപ്പ്, എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത കൃതികളാണ്.

അവിഭക്ത ഇന്ത്യയിലെ സിയാല്‍കോട്ടില്‍ ഒരു സിഖ് ഖത്രി കുടുംബത്തിലാണ് നയ്യാറിന്റെ ജനനം. അച്ഛന്‍ ഗുര്‍ബക്ഷ് സിംഗ്. അമ്മ പൂനം ദേവി. സിയാല്‍കോട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം, മുറേ കോളേജ് (സിയാല്‍കോട്ട്), എഫ്.സി.കോളേജ് (ലാഹോര്‍), ലോ കോളേജ് (ലാഹോര്‍), മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം (യു.എസ്.എ.) എന്നിവിടങ്ങളില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കി. ഇന്ത്യാ വിഭജനത്തിനു ശേഷം ഗുര്‍ബക്ഷ് കുടുംബം ഡെല്‍ഹിയിലേക്ക് താമസം മാറുകയായിരുന്നു.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.