സ്വന്തം ലേഖകൻ: പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം അമ്പതിലധികം രാജ്യങ്ങളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് സൂചന. നൂറുകോടി ബജറ്റിലാണ് മരക്കാര്‍ ഒരുക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി. ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അടുത്തവര്‍ഷം മാര്‍ച്ച് 19ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസിനെത്തും. കുഞ്ഞാലി മരക്കാര്‍ നാലാമനായിട്ടാണ് മോഹന്‍ലാല്‍ മരക്കാറില്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.
മധുവാണ് കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി എത്തുന്നത്. ‘ഒപ്പം’ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം പ്രിയദര്‍ശനും മോഹന്‍ ലാലും ഒന്നിക്കുന്ന ചിത്രമാണ് മരക്കാര്‍. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും സ്റ്റില്ലുകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. മരക്കാറിന്റെതായി പുറത്തിറങ്ങിയ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയ്ക്കും വന്‍സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല