1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 6, 2012

ഐസ്ക്രീം കേസിലെ റെജീന, റജുല, ശ്രീദേവി എന്നിവരെ താന്‍ കണ്ടിട്ടുപോലുമില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് കുഞ്ഞാലിക്കുട്ടി ഇങ്ങനെ പറഞ്ഞിരിക്കുന്നത്. സുഹൃത്തുക്കള്‍ വിളിച്ചപ്പോള്‍ താന്‍ പി വി എസ് അപ്പാര്‍ട്ടുമെന്‍റില്‍ പോയിട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

റെജീന, ശ്രീദേവി, റജുല എന്നിവരുമായി ഒരു ബന്ധവുമില്ല. ഇവരെ കണ്ടിട്ടുപോലുമില്ല. സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ പി വി എസ് അപ്പാര്‍ട്ടുമെന്‍റില്‍ പോയിട്ടുണ്ട്. കേസില്‍ സഹായിക്കാനായി പി ശശിയെ സമീപിച്ചു എന്ന ആരോപണം ശരിയല്ല. അജിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ല. അധികാരമില്ലാത്തപ്പോള്‍ കേസ് എങ്ങനെയാണ് അട്ടിമറിക്കാന്‍ കഴിയുക? – അന്വേഷണസംഘത്തിന് നല്‍കിയ മൊഴിയില്‍ കുഞ്ഞാലിക്കുട്ടി ചോദിക്കുന്നു.

ജസ്റ്റിസ് നാരായണക്കുറുപ്പിന്‍റെ മരുമകന് അഞ്ചുലക്ഷം രൂപ കൊടുത്തു എന്ന ആരോപണം ശരിയല്ല. സാക്ഷികളെ സ്വാധീനിക്കാന്‍ കെ എ റൌഫിനെ ചുമതലപ്പെടുത്തിയിട്ടില്ല. കേസില്‍ സഹായിക്കുന്നു എന്ന വ്യാജേന കെ എ റൌഫ് ചതിക്കുകയായിരുന്നു. മസ്കറ്റ് ഹോട്ടലില്‍ വച്ച് റൌഫ് തന്നോട് ക്ഷുഭിതനായി. ആ സമയത്ത് ഇബ്രാഹിം കുഞ്ഞും ശശിധരന്‍ കര്‍ത്തയും അവിടെ ഉണ്ടായിരുന്നു – കുഞ്ഞാലിക്കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടി റൌഫിന്‍റെ കാലില്‍ വീണു, ‘കൈവിടല്ലേ’ എന്ന് യാചിച്ചു !

ഐസ്ക്രീം കേസുമായി ബന്ധപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി ബന്ധുവായ കെ എ റൌഫിന്‍റെ കാലുപിടിച്ചതായി റൌഫിന്‍റെ മകളുടെ മൊഴി. അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയിലാണ് റൌഫിന്‍റെ മകള്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

‘കൈവിടല്ലേ…’ എന്ന് യാചിച്ചുകൊണ്ട് കുഞ്ഞാലിക്കുട്ടി റൌഫിന്‍റെ കാലില്‍ വീഴുന്നത് കണ്ടു എന്നാണ് റൌഫിന്‍റെ മകള്‍ മൊഴി നല്‍കിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി റൌഫിന്‍റെ കാലില്‍ വീഴുന്നത് കുറഞ്ഞത് ആറുതവണയെങ്കിലും കണ്ടതായാണ് മൊഴി. എന്നാല്‍ ഇത് അതിശയോക്തി കലര്‍ന്ന അപവാദമാണെന്ന് വ്യക്തമാക്കി അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഐസ്ക്രീം പെണ്‍‌വാണിഭം അട്ടിമറിക്കേസില്‍ അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. റെജീനയ്ക്ക് ലക്ഷങ്ങള്‍ ലഭിച്ചതായി മനസിലാക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ ഇതിന്‍റെ ഉറവിടം വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

പീഡനത്തിനിരയായ റെജീനയ്ക്ക് 25 ലക്ഷം രൂപ വില മതിക്കുന്ന വീട്, ഒരു കാര്‍, രണ്ട് സ്കൂട്ടറുകള്‍, പന്തീരാങ്കാവില്‍ 17.84 സെന്‍റ് സ്ഥലം എന്നിവയാണുള്ളത്. എന്നാല്‍ ഈ സമ്പത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

മതിയായ തെളിവില്ലാത്തതിനാല്‍ കേസ് എഴുതിത്തള്ളുകയാണെന്ന് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.