നാളിതുവരെ യുകെയിലേക്ക് കുടിയേറിയ ഒട്ടുമിക്ക മലയാളികളെയും ഒരുപോലെ അലട്ടിക്കൊണ്ടിരുന്ന ധര്‍മ സങ്കടമായിരുന്നു തങ്ങളുടെ കുട്ടികള്‍ വളര്‍ന്നു വരുമ്പോള്‍ യൂറോപ്യന്‍ സംസ്കാരത്തിന്റെ വലയത്തില്‍ ആകൃഷ്ടരായി മലായാളിതനിമയും പാരമ്പര്യവും നഷ്ടമാകുകയും തന്മൂലം കുട്ടികളെ കുറിച്ചുള്ള സ്വപ്നങ്ങളും സങ്കല്‍പ്പങ്ങളും ഇവിടുത്തെ മഞ്ഞുപാളികള്‍ക്കുള്ളില്‍ മൂടിപ്പോകുമോ എന്ന്.
ഈ ആശങ്കകളെല്ലാം അസ്ഥാനത്താണെന്ന് അസന്നിദ്ധമായി പ്രഖ്യാപിച്ചു കൊണ്ട് യുകെ മലയാളികളുടെ രണ്ടാം തലമുറക്കാരായ കുട്ടികള്‍ അരയും തലയും കെട്ടി മലയാളി പാരമ്പര്യത്തെ മുറുകെ പിടിച്ചുകൊണ്ടിതാ മുന്നോട്ടു വന്നിരിക്കുന്നു.
സംഭവം യുകെയില്‍ അങ്ങോളമിങ്ങോളം നടക്കുന്ന ഇരുന്നൂറോളം വരുന്ന ഓണാഘോഷങ്ങളില്‍ ഒന്നുമാത്രം, പക്ഷെ ഇവിടെ അമരതിരിക്കുന്നത് ഇവിടെ ജനിച്ചു വളര്‍ന്നു കേവലം 12 വയസുമാത്രം പ്രായമുള്ള കുട്ടികളാണ് എന്നുള്ളതാണ്.
ഗ്ലോസ്റ്റര്ഷയരിലുള്ള ചെള്‍ട്ടന്‍ഹാം എന്നാ കൊച്ചു പട്ടണത്തിലാണ് സെപ്റ്റംബര്‍ പതിനേഴിന് ശനിയാഴ ഈ വ്യത്യസ്തമായ ഓണാഘോഷം അരങ്ങേറുന്നത്. ഇതൊരു കുട്ടിക്കളിയാണെന്ന് ചിന്തിക്കാന്‍ വരട്ടെ രാവിലെ പത്തു മുതല്‍ വൈകുന്നേരം ആറ് മണി വരെയുള്ള ആഘോഷ പരിപാടികളുടെ ചുക്കാന്‍ കുട്ടികള്‍ ഏറ്റെടുത് പരിശീലനം ആരംഭിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. അവരുടെ ലക്ഷ്യം ഒന്ന് മാത്രം .. കലക്കി മക്കളെ.. കലക്കി.. എന്ന് കാണുന്നവര്‍ ഒന്നടങ്കം പറയണം.
ശ്രദ്ധേയവും വൈവിധ്യവുമായ കര്‍മ്മപരിപാടികളും ആഘോഷ പരിപാടികളും നടത്തി യുക്കെയ്ക്കകതും പുറത്തും ശ്രദ്ധിക്കപ്പെടുന്ന തങ്ങളുടെ മാതൃ സംഘടനയായ ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷനിലെ പരിപാടികള്‍ കണ്ടും പങ്കെടുത്തും കിട്ടിയ അനുഭവ സമ്പത്താണ് എന്തുകൊണ്ട് തങ്ങള്‍ക്കു സ്വന്തമായി ഓണാഘോഷം നടത്തി ഓണാഘോഷം നടത്തി മാതാപിതാക്കളെയും മറ്റുള്ളവരെയും വിസ്മയിപ്പിച്ചുകൂടാ എന്ന ആശയത്തിന് പിന്നില്‍.
തങ്ങളുടെ ആശയം മാതാപിതാക്കളുമായി പങ്കുവെച്ചു സമ്മതം വാങ്ങിയതിനു ശേഷം അവര്‍ നേരെ പോയത് സ്കൂള്‍ ഹെഡ് ടീച്ചരുടെ അടുത്തേക്കായിരുന്നു. കുട്ടികളുടെ ആത്മവിശ്വാസവും ഉത്സാഹവും കണ്ട ടീച്ചര്‍ സ്കൂള്‍ ഹാളും ലൈറ്റിങ്ങും എല്ലാം ഫ്രീ ആയി ഉപയോഗിച്ച് കൊല്ലുവാന്‍ അനുവദിക്കുകയായിരുന്നു. ചെണ്ടയും താലപ്പോലിയുമായി സ്വീകരിച്ചാനയിക്കുവാനായി അവര്‍ ക്ഷണിച്ച അതിഥികള്‍ അവരുടെ അധ്യാപകരെയും പള്ളി വികാരിയും ആണെന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്.
ഓണസദ്യ ഒരുക്കുന്ന ഉത്തരവാദിത്വം മാത്രം മാതാപിതാക്കള്‍ക്ക് വിട്ടു കൊടുത്ത് ഹാള്‍ സജ്ജീകരണം, പൂക്കളം, താലപ്പൊലി, വൈവിധ്യമാര്‍ന്ന നൃത്ത നൃതെതാര ഇനങ്ങള്‍ വടംവലി എന്നിവയെല്ലാം ചിട്ടയോടു കൂടി കുട്ടികള്‍ പരിശീലിച്ചു വരുന്നു.
ചെല്‍ട്ടന്‍ഹാമില്‍ നടക്കുന്ന കുഞ്ഞോണം 2011 വ്യത്യസ്തത കൊണ്ടും പുതു തലമുറയുടെ മലയാള സംസ്കാരതോടും തനിമയോടുമുള്ള വൈകാരിക പ്രകടനം എന്ന രീതിയിലും വേറിട്ടു നില്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇത്തവണ ഓണസദ്യ ഒരുക്കുന്ന ഉത്തരവാതിത്വം അവര്‍ മാതാപിതാക്കള്‍ക്ക് വിട്ടു കൊടുത്ത്, അടുത്ത വര്‍ഷം മുതല്‍ അതും അവര്‍ തന്നെ ഏറ്റെടുത് കൊല്ലുമോ എന്നാര്‍ക്കറിയാം. കുഞ്ഞോണത്തെ കുറിച്ചുള്ള കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കുമായി കാത്തിരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല