ഖുര്‍ആന്‍ പാരായണത്തില്‍ മുന്നിലെത്തിയ കുട്ടികള്‍ക്ക് റേഡിയോ നിലയം സമ്മാനമായി നല്‍കിയത് യന്ത്രത്തോക്കുകളും ഗ്രനേഡും. സൊമാലിയയിലെ അല്‍ ശബാബ് ഭീകരസംഘടനയുടെ നിയന്ത്രണത്തിലുള്ള അന്ദലസ് റേഡിയോയാണ് പത്തിനും പതിനേഴിനുമിടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കായി റംസാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിച്ചത്. അല്‍ ഖ്വെയ്ദ ബന്ധമുള്ള അല്‍ ശബാബിന്റെ നിയന്ത്രണത്തിലാണ് സൊമാലിയയുടെ ഭൂരിപക്ഷം ഭാഗങ്ങളും.
മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കുട്ടിക്കുള്ള സമ്മാനം എ.കെ. 47 തോക്കും 34,000 രൂപയുമായിരുന്നു. രണ്ടാം സ്ഥാനക്കാരന് കിട്ടിയത് എ.കെ. 47 തോക്കും 24,000 രൂപയും. മൂന്നാം സ്ഥാനത്തിനുള്ള സമ്മാനം രണ്ട് ഗ്രനേഡുകളും 20,000 രൂപയും. കുട്ടികള്‍ ഒരു കൈ പഠിക്കാനും മറുകൈ മതത്തിന്റെ രക്ഷയ്ക്കായി തോക്കെടുക്കാനും ഉപയോഗിക്കണമെന്നാണ് സമ്മാനദാനച്ചടങ്ങില്‍ അല്‍ ശബാബ് നേതാവ് മുഖ്താര്‍ റോബോ പറഞ്ഞത്.
തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ഇത്തരത്തിലുള്ള മത്സരം നടക്കുന്നതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡായിരുന്നു ഒന്നാം സമ്മാനം. കടുത്ത ക്ഷാമത്തിന്റെ പിടിയിലകപ്പെട്ട സൊമാലിയയില്‍ ലക്ഷക്കണക്കിനാളുകള്‍ പട്ടിണിമരണത്തിന്റെ വക്കില്‍ നില്‍ക്കുമ്പോഴാണ് അല്‍ ശബാബ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ തോക്ക് നല്‍കുന്നത്. പട്ടിണി അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വിദേശ സംഘടനകള്‍ ഭക്ഷണമെത്തിക്കുന്നതിനെപ്പോലും അല്‍ ശബാബ് തടയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല