സ്വന്തം ലേഖകൻ: മാതാപിതാക്കന്മാരുടെ ഓര്‍മ്മയ്ക്കായി വീടില്ലാത്ത ഇരുപത് കുടുംബങ്ങള്‍ക്ക് സ്നേഹവീടൊരുങ്ങുന്നു. അന്ത്യാളം ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ കുടുംബാംഗങ്ങളാണ് മാതാപിതാക്കളായ കുര്യന്‍ ചാണ്ടിയുടെയും സിസിലിയാമ്മ ചാണ്ടിയുടെയും ഓര്‍മ്മയ്ക്കായി രണ്ടര ഏക്കറോളം വരുന്ന സ്ഥലം വാങ്ങി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
ആദ്യഘട്ടത്തില്‍ പത്തു വീടുകളാണ് നിര്‍മ്മിക്കുന്നത്. മൂന്നു മുറികളോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടുകളാണ് നിര്‍മ്മിക്കുക. പത്തു ലക്ഷത്തിലധികം രൂപ ചെലവിലാണ് ഓരോ വീടും നിര്‍മ്മിക്കുന്നതെന്ന് ട്രസ്‌റ്റ് ചെയര്‍മാന്‍ മാത്യു അക്സാണ്ടര്‍ വ്യക്തമാക്കി.
സാമൂഹ്യസേവനവും സംഘടനാമികവും കൊണ്ട് യുകെ മലയാളികൾക്കിടയിൽ പ്രശസ്‌തനാണ് ലിവർപൂളിലെ മാത്യു അലക്‌സാണ്ടർ. യുക്‌മയുടെ ആദ്യകാല ഭാരവാഹിയും മലയാളി അസ്സോസിയേഷൻ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു അദ്ദേഹം. സേവന – ചാരിറ്റി പദ്ധതികളിൽ സജീവമായ മാത്യു അലക്‌സാണ്ടർ കുടുംബാംഗങ്ങള്‍ രൂപീകരിച്ച കുര്യന്‍ ചാണ്ടി ഇന്‍ഫന്റ് ജീസസ് മൊമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ചെയർമാനാണ്.
പാലാ അന്ത്യാളം ഞാവള്ളില്‍ ആണ്ടുക്കുന്നേല്‍ കുടുംബാംഗങ്ങളാണ് രണ്ടര ഏക്കറോളം വരുന്ന സ്ഥലം വാങ്ങി വീടില്ലാത്തവര്‍ക്ക് ആശ്വാസമാകാൻ വീട് നിര്‍മ്മിച്ചുനല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നത്. മാതാപിതാക്കളുടെ ഓർമ്മയ്ക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. അദ്ദേഹത്തിന്റെ പിതാവ് 1996 ലും മാതാവ് 2019 ലും മരണമടഞ്ഞിരുന്നു.
ഇതിനൊപ്പം പാലായിൽ നിർധന കുടുംബങ്ങൾക്കായി 2000 വീടുകൾ നിർമ്മിക്കുക ലക്ഷ്യമിടുന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ‘ഹോം പാലാ പ്രോജക്‌ടിന്റെ’ ആഹ്വാനം ഉള്‍ക്കൊണ്ടാണ് കുടുംബാംഗങ്ങള്‍ ഇത്തരമൊരു കാരുണ്യപ്രവർത്തനം ഏറ്റെടുത്തത്. മൂന്നു മുറികളോടെ എല്ലാവിധ സൗകര്യങ്ങളുമുള്ള വീടുകളാണ് നിര്‍മ്മിക്കുക. പത്തുലക്ഷത്തിലധികം രൂപ ചെലവിലാണ് ഓരോ വീടും നിര്‍മ്മിക്കുന്നത്.
യുകെയിൽ ഇതിനകം തന്നെ ഏറെ ശ്രദ്ധേയമായ ലവ് ടു കെയര്‍ ബിസിനസ്സിലൂടെ ലഭിക്കുന്ന ലാഭത്തിന്റെ ഒരുവിഹിതമാണ് ചാരിറ്റി പ്രവര്‍ത്തനത്തിനായി മാത്യൂ ചിലവഴിക്കുന്നത്. യുകെയിലെ തന്റെ നഴ്‌സിങ്ങ് ഏജന്‍സി സ്ഥാപനത്തിനെതിരെ കരുതി കൂട്ടി ചില ആളൂകള്‍ നടത്തിയ ഒരു ആരോപണം വന്നപ്പോഴും കടുത്ത ദൈവവിശ്വാസിയായ മാത്യൂ അതിനെയെല്ലാം അതിജീവിച്ചിരുന്നു.
ഈ ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ പണത്തിനേക്കാള്‍ മനുഷ്യ സ്‌നേഹത്തിനാണ് വിലകല്പ്പിക്കുന്നതെന്ന സന്ദേശമാണ് വിമര്‍ശകര്‍ക്ക് മാത്യൂ നൽകുന്ന മറുപടി. 20 വര്‍ഷത്തിലധികമായി യുകെയിലെ ലിവര്‍പൂളില്‍ താമസിക്കുന്ന മാത്യൂവിന്റെ വേറിട്ട പ്രവർത്തനങ്ങൾക്ക് പൂർണ്ണപിന്തുണയുമായി ഭാര്യ സിന്‍ലെറ്റ് മാത്യുവും മക്കളായ അലിക്കും ഫെലിക്‌സും കൂടെയുണ്ട്.
കഴിഞ്ഞ ദിവസം അന്ത്യാളത്തിനു സമീപം വൈദ്യശാലയില്‍ വീടുകളുടെയും ഓഫീസ് കെട്ടിടത്തിന്റെയും ശിലാസ്‌ഥാപനം നടന്നു. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ശിലകള്‍ ആശീര്‍വദിച്ചു. വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നത് സുവിശേഷം ജീവിക്കുന്ന ശൈലിയാണെന്നും സുവിശേഷത്തിന്റെ വ്യാഖ്യാനമാണെന്നും അദ്ദേഹം പറഞ്ഞു.
അധ്വാനത്തിലൂടെ നേടുന്ന സമ്പത്തിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ക്ക് പങ്കു വയ്‌ക്കുക എന്നത് വലിയ കാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. വേദനിക്കുന്ന ഏല്ലാവരിലും ഈശോയെ കാണണമെന്നും പങ്കുവയ്‌ക്കുന്ന മനോഭാവം വളരണമെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ജോര്‍ജ് പനയ്‌ക്കല്‍ വി.സി (ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ പോട്ട), മാണി സി. കാപ്പന്‍ എം.എല്‍.എ, ഫാ. ജോസ് തറപ്പേല്‍, ഫാ. ജോസ് പുലവേലില്‍, ഫാ.ജോസ് വടക്കേക്കുറ്റ്, ഫാ.കുര്യാക്കോസ് പുന്നോലില്‍ വി.സി, ഓര്‍മ്മ ഭാരവാഹി ഷാജി ആറ്റുപുറം, ഫെഡറല്‍ ബാങ്ക് മാനേജര്‍ ആല്‍ബിന്‍ ജോര്‍ജ്, പഞ്ചായത്തംഗം ലിന്റണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല