1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2012

വിസ കച്ചവടം ലോകത്തിന്റെ പല ഭാഗങ്ങളിലും പൊടി പോടിക്കുന്നുണ്ട്. ഈയവസരത്തില്‍ ഇതിനെതിരെ കര്‍ശന നടപടിക്ക് കുവൈത്ത് തൊഴില്‍ സാമൂഹികമന്ത്രാലയം നടപടികളാരംഭിച്ചു. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന് അപകീര്‍ത്തി സൃഷ്ടിക്കുന്ന മനുഷ്യക്കടത്തിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രാലയം വ്യക്തമാക്കിയിരിക്കുകയാണ്.

വിസ കച്ചവടവുമായി ബന്ധമുള്ള സ്വകാര്യ കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെയും സ്ഥാപന ഉടമകള്‍ക്കെതിരെയും കടുത്ത ശിക്ഷാനടപടിയുണ്ടാകുമെന്ന് കുവൈത്ത് സാമൂഹിക തൊഴില്‍മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മുഹമ്മദ് അല്‍ – കന്തരി പറഞ്ഞു. മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതതല പരിശോധനാ സമിതിയുടെ ശ്രദ്ധയില്‍പ്പെടുന്ന വിസ കച്ചവടക്കാര്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കോഡ്-71 നിയമപ്രകാരം സ്ഥാപനങ്ങള്‍ അഞ്ചു വര്‍ഷത്തേക്ക് അടച്ചുപൂട്ടേണ്ടി വരുമെന്നും അല്‍-കന്തരി വ്യക്തമാക്കി.

രാജ്യത്ത് നിലവിലുള്ള തൊഴില്‍ നിയമ വ്യവസ്ഥകള്‍ പാലിക്കാതെ വിദേശരാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയും തുടര്‍ന്ന് ഈ വിഭാഗത്തില്‍ വരുന്ന വിദേശ തൊഴിലാളികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് തൊഴില്‍ ചെയ്യുന്നതിന് അനുവദിക്കുകയും ചെയ്യുന്ന സ്ഥാപന ഉടമകള്‍ക്കെതിരെയും കര്‍ശനമായ നടപടിയുണ്ടാകും. ഇത്തരത്തില്‍ വിദേശ തൊഴിലാളികളെ അനധികൃതമായി തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് റിക്രൂട്ട് നടത്തുന്ന വ്യാജകമ്പനികള്‍ മനുഷ്യക്കടത്തിന് വഴിയൊരുക്കുകയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട ഉടമകള്‍ അന്താരാഷ്ട്രതലത്തില്‍ രാജ്യത്തിന് അപകീര്‍ത്തി ഉണ്ടാക്കുകയാണെന്നും അല്‍-കന്തരി കുറ്റപ്പെടുത്തി.

വ്യാജവിസ കച്ചവട സ്ഥാപനങ്ങളുടെ പേരില്‍ റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികള്‍ പരിശോധക സംഘത്തിന്റെ പിടിയിലാകും. തുടര്‍ന്ന് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് മടക്കി അയയ്‌ക്കേണ്ട സാമ്പത്തിക ചെലവ്-വിമാന ടിക്കറ്റ് ഉള്‍പ്പെടെ- എല്ലാ ഉത്തരവാദിത്വവും തൊഴിലുടമയ്ക്കായിരിക്കുമെന്നും അല്‍-കന്തരി വ്യക്തമാക്കി. അഞ്ചുവര്‍ഷത്തേക്ക് ഫയലുകള്‍ മരവിപ്പിക്കുന്നതോടൊപ്പം സ്ഥാപനം അടച്ച് പൂട്ടേണ്ടിവരുന്നതാണ്.

അഞ്ചു വര്‍ഷത്തിനുശേഷം തൊഴിലുടമയ്ക്ക് വീണ്ടും കമ്പനി പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി തൊഴില്‍ മന്ത്രാലയത്തില്‍ അപേക്ഷ നല്കുകയും മന്ത്രാലയം വിശദമായ പരിശോധന നടത്തി തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി നല്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതാണെന്നും അല്‍-കന്തരി വ്യക്തമാക്കി.

സ്ഥാപനത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനാനുമതി മന്ത്രാലയം അംഗീകരിക്കുന്ന സാഹചര്യത്തില്‍ തൊഴിലുടമ ഓരോ തൊഴിലാളിക്കും 250 കുവൈത്ത് ദിനാര്‍ (50,000 രൂപ) ഇന്‍ഷുറന്‍സ് ആയി മന്ത്രാലയത്തില്‍ നിക്ഷേപിക്കണം. ഈ തുക തൊഴിലുടമയ്ക്ക് പിന്‍വലിക്കാന്‍ അനുമതിയില്ല. തൊഴിലാളിയുടെ ശമ്പളം തുടങ്ങിയ ആനുകൂല്യങ്ങള്‍ സമയത്ത് നല്കുന്നുണ്ടോ എന്ന കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുമെന്നും അല്‍-കന്തരി വിശദീകരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.