![](https://www.nrimalayalee.com/wp-content/uploads/2021/02/Kuwait-Institutional-Quarantine-Hotel-Bookings.jpg)
സ്വന്തം ലേഖകൻ: വിദേശി നിക്ഷേപകർക്കും കമ്പനി ഉടമകൾക്കും തെരഞ്ഞെടുത്ത ബിസിനസ് യൂനിറ്റുകളുടെ സി.ഇ.ഒമാർക്കും 15 വർഷ താമസാനുമതി നൽകുന്നത് സംബന്ധിച്ച് കുവൈത്ത് സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ദേശീയ സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരുന്ന ചില വിദേശികൾക്ക് സ്പോൺസർഷിപ്പ് സംവിധാനം ഒഴിവാക്കി നൽകുന്നതും പരിഗണനയിലുണ്ട്. ഇതിനായി ഇഖാമ, തൊഴിൽ പെർമിറ്റ് സംവിധാനം പരിഷ്കരിച്ചേക്കും. രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കുകയാണ് ലക്ഷ്യം.
വിഷയം ആഭ്യന്തര മന്ത്രാലയം, മാൻപവർ പബ്ലിക് അതോറിറ്റി തുടങ്ങിയ അധികൃതർ ചർച്ച ചെയ്യുന്ന ഘട്ടത്തിലാണുള്ളത്. സംരംഭക രംഗത്തേക്ക് ഇറങ്ങുന്നവർക്ക് എല്ലാ സഹായങ്ങളും ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസ് നടപടികളും ലളിതമാക്കി. സ്വകാര്യകമ്പനികൾക്ക് ഏഴ് ദിവസത്തിനകം ലൈസൻസ് ലഭ്യമാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
വ്യവസായം തുടങ്ങാനും നിക്ഷേപം നടത്താനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന രീതിയിൽ നിയമ പരിഷ്കരണവും ആലോചനയിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല