സ്വന്തം ലേഖകൻ: വിവിധ കുറ്റകൃത്യങ്ങളുടെ പേരില്‍ പിടിക്കപ്പെട്ട് നാടുകടത്തലിന് വിധേയമായവര്‍ വീണ്ടും വ്യാജരേഖകള്‍ ചമച്ച് കുവൈത്തിലേക്ക് തിരിച്ചുവരുന്നത് കണ്ടെത്തി തടയുകയെന്ന ലക്ഷ്യത്തോടെ വിമാനത്താവളത്തിലും സമുദ്ര, കര അതിര്‍ത്തികളിലും ബയോമെട്രിക് പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കുവൈത്ത് അധികൃതര്‍ തീരുമാനിച്ചു. നാടുകടത്തപ്പെട്ടവര്‍ വ്യാജ രേഖകള്‍ ചമച്ച് വീണ്ടും കുവൈത്തില്‍ എത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കണ്ണിലെ കൃഷ്ണമണി, മുഖം, കൈ എന്നിവ സ്‌കാനിംഗിന് വിധേയമാക്കാനും ഇലക്ട്രോണിക് സിഗ്‌നേച്ചര്‍ സംവിധാനം നടപ്പിലാക്കാനുമാണ് തീരുമാനമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതിര്‍ത്ത സംരക്ഷണ വിഭാഗം, ഫോറന്‍സിക് എവിഡന്‍സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് എന്നീ വകുപ്പുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഏകോപിപ്പിച്ചു വരികയാണെന്ന് മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പരിശോധനാ ഉപകരണങ്ങളുടെ വിതരണം, ഇന്‍സ്റ്റാള്‍ ചെയ്യല്‍, ടെസ്റ്റിംഗ് എന്നിവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കര, വ്യോമ, സമുദ്രാര്‍ത്തികളില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതും പുറത്തുപോവുന്നതുമായ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കും. ഉയര്‍ന്ന കാര്യക്ഷമതയുള്ളതും ലോകമെമ്പാടുമുള്ള മിക്ക വിമാനത്താവളങ്ങളിലും അതിര്‍ത്തികളിലും ഉപയോഗിച്ചുവരുന്നതുമായ ഉകരണങ്ങളാണ് ഇതിനായി ലഭ്യമാക്കുക.
അതേസമയം, യാത്രക്കാര്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വ്യോമയാന വകുപ്പ് ഉള്‍പ്പെടെയുള്ളവ നടപ്പാക്കുന്ന ബഹുമുഖ പദ്ധതിയുടെ ഭാഗമായാണ് ബയോമെട്രിക് സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അതോടൊപ്പം രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക കൂടി പദ്ധതി ക്ഷ്യമിടുന്നുണ്ട്. പുതിയ സംവിധാനങ്ങള്‍ നടപ്പിലാകുന്നതോടെ സുരക്ഷാ പരിശോധനകള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും.
നൂതന മെഷീനുകള്‍ സ്ഥാപിക്കുന്നതോടെ വിമാനത്താവളത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പരിശോധന നടത്തുന്നതിന് കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. ബയോമെട്രിക് പരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവഴി ആള്‍മാറാട്ടം, വ്യാജരേഖ സംഘടിപ്പിക്കല്‍ തുടങ്ങിയ രീതിയിലൂടെ ആളുകള്‍ രാജ്യത്തേക്ക് വീണ്ടും എത്തുന്നത് തടയാനാവും. ഉദാഹരണമായി ഒരാളുടെ കൃഷ്ണമണി ഒരുവട്ടം സ്‌കാന്‍ ചെയ്താല്‍ പിന്നീട് എപ്പോള്‍ വരുമ്പോഴും അവരെ എളുപ്പത്തില്‍ തിരിച്ചറിയാനാവും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല