സ്വന്തം ലേഖകൻ: സ്കോളർഷിപ് വിദ്യാർഥികൾക്കു സഹായകമായി കുവൈത്ത് എയർവേയ്‌സ് മാഞ്ചസ്റ്ററിലേക്കു നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. യുകെയിലും സമീപ രാജ്യങ്ങളിലും പഠിക്കുന്ന വിദ്യാർഥികളുടെ സൗകര്യാർഥമാണ് സേവനം പുനരാരംഭിച്ചത്. കോവിഡ് കാലത്ത് നിർത്തിവച്ച സേവനം പുനരാരംഭിക്കാത്തത് വിദ്യാർഥികൾക്ക് പ്രയാസം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം ഇക്കഴിഞ്ഞ പെരുന്നാള്‍ അവധി ആഘോഷിക്കാനായി യുകെ, യുഎഇ, തുര്‍ക്കി, ഈജിപ്ത് എന്നിവിടങ്ങളാണ് കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ പ്രിയപ്പെട്ട ഇടങ്ങളായി തെരഞ്ഞെടുത്തത്. ഈ രാജ്യങ്ങളിലേക്കാണ് പ്രധാനമായും വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലും അധികമായതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സി (കെയുഎന്‍എ) റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാന്‍ വിമാന സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കേണ്ടി വന്നെന്ന് കുവൈത്ത് എയര്‍വേയ്‌സിന്റെ കോര്‍പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ വെയ്ല്‍ അല്‍ ഹസാവി പറഞ്ഞു. ഫ്രാന്‍സിലെ നൈസ്, ഗ്രീസിലെ മൈക്കോനോസ്, ഒമാനിലെ സലാല, തുര്‍ക്കിയിലെ ഇസ്മിര്‍ തുടങ്ങിയ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കുവൈത്തില്‍ നിന്നുള്ള യാത്രക്കാര്‍ താത്പര്യപ്പെടുന്നെന്ന് അല്‍ ഹസാവി കൂട്ടിച്ചേര്‍ത്തു.
300 കെഡിയ്ക്കും 400 കെഡിയ്ക്കും ഇടയില്‍ (74,816- 99,755 ഇന്ത്യന്‍ രൂപ) ടിക്കറ്റ് നിരക്കില്‍ 150 ശതമാനം വര്‍ധന ഉണ്ടായതായി കുവൈത്തിലെ ടൂറിസം ആന്റ് ട്രാവല്‍ ആന്റ് ട്രാവല്‍ ഏജന്‍സികളുടെ യൂണിയന്‍ ബോര്‍ഡ് അംഗം ഹുസൈന്‍ അല്‍ സുലൈത്തീന്‍ വെളിപ്പെടുത്തി.
ഈദ് അല്‍ ഫിത്ര്‍ അവധിക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ എണ്ണം 352,140 ആയി ഉയരുമെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അറിയിച്ചു. ഏപ്രില്‍ 28 മുതല്‍ മെയ് 7 വരെ 2800 വിമാനങ്ങള്‍ വരെ സര്‍വീസ് നടത്തുമെന്നും ഈദ് സമയത്ത് 76 അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും അദ്ദേഹം മുമ്പ് പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല