സ്വന്തം ലേഖകൻ: അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ പിഴ അടച്ച് താമസം നിയമവിധേയമാക്കാനോ അവസരമൊരുക്കി കുവൈത്ത് 3 മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. മാർച്ച് 17 മുതൽ ജൂൺ 17 വരെയാണ് പൊതുമാപ്പ്. നിയമലംഘകർ പൊതുമാപ്പ് നിശ്ചിത കാലയളവിനകം പ്രയോജനപ്പെടുത്തി രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവർക്ക് പുതിയ വീസയിൽ രാജ്യത്തേക്കു വരാനും അനുമതി നൽകി. കുവൈത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 1.3 ലക്ഷം അനധികൃത താമസക്കാർ ഉണ്ടെന്നാണ് കണക്ക്. വർഷങ്ങളായി നിയമലംഘകരായി കഴിയുന്ന മലയാളികൾ ഉൾപ്പെടെ ഒട്ടേറെ വിദേശികൾക്ക് പൊതുമാപ്പ് തീരുമാനം ആശ്വാസമാകും.
താമസം നിയമവിധേയമാക്കി കുവൈത്തിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് നിയമലംഘനത്തിന്റെ കാലയളവ് അനുസരിച്ച് പരമാവധി 600 ദിനാർ പിഴ അടയ്ക്കേണ്ടിവരും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട് യാത്രാ വിലക്കു നേരിടുന്നവർക്ക് കേസിൽ തീർപ്പുണ്ടായാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ. ഇതിന് താമസ കുടിയേറ്റ വിഭാഗത്തിൽനിന്ന് പ്രത്യക അനുമതി എടുത്തിരിക്കണം.
പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ രാജ്യത്ത് തുടരുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. വൻതുക പിഴയ്ക്കു പുറമെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുനാണ് തീരുമാനം. 2020 ഏപ്രിലിലാണ് ഏറ്റവും ഒടുവിൽ പൊതുമാപ്പ് അനുവദിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല