സ്വന്തം ലേഖകൻ: വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക. അപകടത്തിനൊപ്പം കനത്തപിഴയുമാകും നിങ്ങളെ കാത്തിരിക്കുന്നത്. സീറ്റ് ബെൽറ്റ് ധരിക്കാത്തതും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും നിരീക്ഷിക്കാനും റെക്കോഡ് ചെയ്യാനും ഓട്ടോമാറ്റഡ് കാമറ സംവിധാനം സ്ഥാപിച്ചു തുടങ്ങിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.
റോഡ് സുരക്ഷ വർധിപ്പിക്കാനും ശക്തമായ നിരീക്ഷണത്തിലൂടെ അപകടകരമായ ഡ്രൈവിങ് പെരുമാറ്റങ്ങൾ കുറക്കലും ലക്ഷ്യമിട്ടാണ് നീക്കം.സീറ്റ് ബെൽറ്റ് ധരിക്കാത്തവരെയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.
നിയമലംഘനങ്ങൾ സ്വയമേവ രേഖപ്പെടുത്തി കാമറകൾ ബന്ധപ്പെട്ട വകുപ്പിന് റിപ്പോർട്ട് അയക്കും. ഗതാഗത നിയമ ലംഘനം കണ്ടെത്തിയാല്‍ കർശന പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.
നൂതനമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടകരമായ ഡ്രൈവിങ് പെരുമാറ്റങ്ങൾ കുറക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. സീറ്റ് ബെൽറ്റ് ധരിക്കാത്തതും അശ്രദ്ധമായ ഡ്രൈവിങ്ങും ഉയർന്ന ശതമാനം റോഡപകടങ്ങൾക്ക് കാരണമാകുന്നതായി അടുത്തിടെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയിരുന്നു.
ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്ത് രേഖപ്പെടുത്തിയത് മൊത്തം 3,100,638 ഗതാഗത നിയമ ലംഘനങ്ങളാണ്. ഇതിൽ 93 ശതമാനത്തിലധികവും അശ്രദ്ധമൂലമുള്ള ഡ്രൈവിങ് വഴിയാണ്.
അപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്നാണ് ഡ്രൈവിങ്ങിനിടെയുള്ള ഫോണിന്റെ ഉപയോഗം. ഫോൺ ഉപയോഗിച്ചതിന് ഈ വർഷം ആദ്യ പകുതിയിൽ രേഖപ്പെടുത്തിയത് 30,000 ലംഘനങ്ങളാണ്. ഇവ നിരീക്ഷിക്കാൻ എ.ഐ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
നിലവിൽ ആറ് ഗവർണറേറ്റുകളിലായി 252 കാമറകളുണ്ട്. ഇതിനു പിറകെ പ്രത്യേക കാമറകളും സ്ഥാപിക്കുന്നതോടെ നിയമ ലംഘകർക്ക് പൂർണമായും പിടിവീഴും. അതിനിടെ, പിഴകൾ കുത്തനെ ഉയർത്തി പുതിയ ട്രാഫിക് നിയമത്തിനും രൂപം നൽകിയിട്ടുണ്ട്. വൈകാതെ ഇത് അവതരിപ്പിക്കുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല