സ്വന്തം ലേഖകൻ: സ്വദേശി താമസ മേഖലയിലെ ബാച്ചിലർമാരെ ഒഴിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കെട്ടിടങ്ങളിലെ വൈദ്യുതി കണക്ഷൻ റദ്ദാക്കുന്നത് തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഫര്‍വാനിയ ഗവര്‍ണ്ണറേറ്റില്‍ നൂറോളം കെട്ടിടങ്ങളുടെ വൈദ്യുതി വിച്ഛേദിച്ചു.
സ്വദേശി താമസ മേഖലകളിൽ വിദേശി ബാച്ചിലർമാർ താമസിക്കാൻ പാടില്ലാത്തതാണെന്നും ഒഴിഞ്ഞുപോവാൻ നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നുമാണ് അധികൃതർ വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം തുടങ്ങിയ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ബാച്ചിലർമാരുടെ ആധിക്യം മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം കൂടാന്‍ കാരണമാകുന്നതായി അധികൃതര്‍ പറഞ്ഞു.
രാജ്യത്ത് അരിച്ചുപെറുക്കിയുള്ള പരിശോധനക്കാണ് അധികൃതര്‍ തയ്യാറെടുക്കുന്നത്. സാമ്പത്തിക ലാഭത്തിനായി സ്വദേശികൾ അപ്പാർട്ടുമെന്റുകള്‍ വിവിധ ഭാഗങ്ങളാക്കി തിരിച്ച് വിദേശികൾക്ക് വാടകക്ക് നൽകുന്നതാണ് ബാച്ചിലർ സാന്നിധ്യത്തിന് വഴിവെച്ചിരുന്നത്. ഇത്തരം കെട്ടിട ഉടമകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല