1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 26, 2022

സ്വന്തം ലേഖകൻ: ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും കുവൈത്തില്‍ ബാങ്കിംഗ് തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുവരികയാണെന്ന് കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി. ഇതുവഴി കോടികളുടെ തട്ടിപ്പാണ് വിദേശ സംഘങ്ങള്‍ നടത്തിയത്. അടുത്ത ദിവസങ്ങളിലായി ഒരു തട്ടിപ്പ് സംഘത്തിന്റെ ഇരകളില്‍ നിന്നു മാത്രം 300ലേറെ പരാതികള്‍ ലഭിച്ചതായി അധികൃതര്‍ ചുണ്ടിക്കാട്ടി.

കുവൈത്തിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന ചില സംഘങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ മോഷ്ടിച്ചും തട്ടിപ്പുകള്‍ നടത്തുന്നുണ്ടെന്നും പ്രാദേശിക അറബിക് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇല്ലാത്ത നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്തു മറ്റഅ സാമ്പത്തിക സേവനങ്ങള്‍ വാഗ്ദാനം ചെയ്തും സമ്മാനങ്ങള്‍ നേടിയതായി വിശ്വസിപ്പിച്ചും നിരവധി പൗരന്മാരെയും താമസക്കാരെയും ബന്ധപ്പെടുകയും അവരെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിമോട്ട് ആക്സസ് ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് ബാങ്ക് ഡാറ്റകള്‍ ചോര്‍ത്തി പണം തട്ടുന്ന സംഘത്തെ കറിച്ച് കഴിഞ്ഞ ഒരു മാസമായി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പിന് ഇരകളായവരില്‍ നിന്നുള്ള ഒട്ടേറെ പരാതികള്‍ ദിവസവും പബ്ലിക് പ്രോസിക്യൂഷന് ലഭിക്കുന്നതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.

പല കേസുകളിലും കുവൈത്ത് നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന സേവനങ്ങള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പു സംഘം ആളുകളെ വലയില്‍ വീഴ്ത്തുന്നത്. എന്‍ക്രിപ്റ്റ് ചെയ്ത നമ്പറുകള്‍ ഉപയോഗിച്ച് രജിസസ്റ്റര്‍ ചെയ്ത ആപ്ലിക്കേഷനുകളും സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളും ഉപയോഗിച്ചാണ് ഇവര്‍ ആളുകളെ തട്ടിപ്പിന് ഇരയാക്കുന്നത്. ആവശ്യപ്പെടുന്ന സേവനങ്ങള്‍ നിയമവിരുദ്ധമായതിനാല്‍ തട്ടിപ്പിന് ഇരയാകുന്നവരില്‍ പലരും പോലിസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു തട്ടിപ്പു സംഘത്തിലെ 20 പേരെ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു.

റിമോട്ട് ആക്സസ് സിസ്റ്റത്തെ ആശ്രയിക്കുന്ന ആപ്ലിക്കേഷനുകള്‍ക്കെതിരെയാണ് പ്രോസിക്യൂഷന് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നതെന്ന് കുവൈത്ത് സൊസൈറ്റി ഫോര്‍ ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി മേധാവി ഡോ. സഫാ സമാന്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് വിദൂരമായി സഹായം നല്‍കാന്‍ കമ്പനികള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ ഇതിനായി തട്ടിപ്പുസംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.

എന്തു മികച്ച വാഗ്ദാനങ്ങള്‍ നല്‍കിയാലും വിശ്വസനീയമായ സ്രോതസ്സാണ് എന്ന് ഉറപ്പില്ലാത്ത സന്ദേശങ്ങളും കോളുകളും സ്വീകരിക്കരുതെന്നും അവയോട് പ്രതികരിക്കരുതെന്നും അവര്‍ പറഞ്ഞു. എസ്എംഎസ് ആയോ ഇമെയിലായോ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു.

മൊബൈല്‍ ഫോണ്‍ തന്നത്താന്‍ പ്രവര്‍ത്തിക്കുകയോ മറ്റെന്തെങ്കിലും അസ്വാഭാവികത തോന്നുകയോ ചെയ്താല്‍ ഉടന്‍ തന്നെ അധികാരികളെ അറിയിക്കണം. പരിചയമില്ലാത്ത ആര്‍ക്കും മൊബൈല്‍ ഫോണോ, കംപ്യൂട്ടറോ പോലുള്ള ഉപകരണങ്ങള്‍ റിമോട്ടായി ആക്സസ് ചെയ്യാന്‍ സഹായിക്കുന്ന ഒരു ഡാറ്റയും നല്‍കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. . ഇന്റര്‍നെറ്റ് വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് ലോഗിന്‍ ചെയ്യുന്നതിന്റെ വിശദാംശങ്ങള്‍ മറ്റൊരാള്‍ക്ക് നല്‍കരുത്. പാസ്വേഡുകളോ ഒടിപി നമ്പറുകളോ മറ്റൊരാള്‍ക്ക് നല്‍കരുതെന്നും അവര്‍ പറഞ്ഞു.

എന്തെങ്കിലും നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍, ഇലക്ട്രോണിക് ഉപകരണം ഉടന്‍ തന്നെ ആന്റി-വൈറസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയോ അല്ലെങ്കില്‍ വിദഗ്ദ്ധനായ ഒരു വ്യക്തിയെക്കൊണ്ട് പരിശോധിപ്പിക്കുകയോ വേണം. ഡിജിറ്റല്‍ കറന്‍സികളും നിക്ഷേപങ്ങളും വാഗ്ദാനം ചെയ്തും നിശ്ചിത തുക അടച്ച് സമ്മാനങ്ങള്‍ സ്വന്തമാക്കാമെന്ന് വിശ്വസിപ്പിച്ചുമുള്ള തട്ടിപ്പുകളും വ്യാപകമാണ്.

ഇതിന് പ്രാദേശിക ബാങ്കുകളുടേതെന്ന് തോന്നിക്കുന്ന ലിങ്കുകളാണ് തട്ടിപ്പുകാര്‍ നല്‍കുന്നത്. രാജ്യത്തെ ഒരു ധനകാര്യ സ്ഥാപനവും നിക്ഷേപ പദ്ധതികളിലേക്ക് മറ്റേതെങ്കിലും അനുബന്ധ കമ്പനികള്‍ മുഖേന നിക്ഷേപകരുമായി ബന്ധപ്പെടില്ലെന്ന് പബ്ലിക് ഇന്‍സ്റ്റിറ്റിയൂഷന്‍ ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റിയും വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.