സ്വന്തം ലേഖകൻ: കുവൈത്തില്‍ പരിസ്ഥിതി നിയമം കര്‍ശനമാക്കുന്നു. പരിസ്ഥിതിക്ക് നാശം വരുത്തുകയും കടലോരങ്ങള്‍ മലിനമാക്കുകയും ചെയ്യുന്നതായി കണ്ടെത്തിയാല്‍ കടുത്ത ശിക്ഷക്ക് വിധേയരാക്കും. ഇതു സംബന്ധിച്ച് പരിസ്ഥിതി വകുപ്പും പോലീസും മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
നിയമം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി പോലീസ് ഇത്തരം സ്ഥലങ്ങളില്‍ സദാ നിരീക്ഷണം നടത്തി കുറ്റക്കാരെ പിടികൂടും. അതോടൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റി.
പ്രധാനമായും വിനോദ സഞ്ചാരകേന്ദ്രങ്ങള്‍, കടലോരങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാമറ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.
പരിസ്ഥിതിക്ക് ദോഷകരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും വ്യാപകമായ പരിശോധന തുടരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. സമുദ്ര ആവാസ വ്യവസ്ഥയുടെയും ജീവജാലങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് നിരന്തര പരിശോധനകളും കടലില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും.
നിയമം അനുസരിച്ച് കടലോരങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 10,000 ദീനാര്‍ പിഴയാണ് ശിക്ഷ. അതോടൊപ്പം പൊതുസ്ഥലത്ത് സിഗരറ്റ് കുറ്റി വലിച്ചെറിയുന്നതും പരിസ്ഥിതി നിയമലംഘനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഷേഖ് ജാബിര്‍ കോസ്‌വേയില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ ഒരു വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ തടവും 5000 ദീനാര്‍ മുതല്‍ 50,000 ദീനാര്‍ വരെ പിഴയും. ശിക്ഷ നടപ്പിലാക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല