1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2023

സ്വന്തം ലേഖകൻ: നാടുകടത്തപ്പെട്ടവരും രാജ്യത്തേക്ക് പ്രവേശനം വിലക്കിയവരുമായ നിരവധി പ്രവാസികള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയും വ്യാജ യാത്രാരേഖ ചമച്ചും കുവൈത്തില്‍ മടങ്ങിയെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പഴുതടച്ച സംവിധാനങ്ങളൊരുക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കി.

ഭാവിയില്‍ ഇത്തരം കേസുകള്‍ ഉണ്ടാകാതിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിമാനത്താവളങ്ങള്‍, അതിര്‍ത്തി ചെക്‌പോയിന്റുകള്‍, തുറമുഖങ്ങള്‍ തുടങ്ങിയ പ്രവേശന കവാടങ്ങളില്‍ പരിശോധനയും നിയന്ത്രണങ്ങളും ശക്തമാക്കി.

നാടുകടത്തപ്പെടുന്നവരുടെ റീ എന്‍ട്രി തടയാന്‍ ബയോമെട്രിക് വിരലടയാളം ശേഖരിക്കുന്നത് കര്‍ക്കശമാക്കും. വിമാനത്താവളത്തില്‍ ജനബാഹുല്യം ഉണ്ടാവുകയോ ഓരേസമയം കൂടുതല്‍ വിമാനങ്ങള്‍ വരുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ബയോമെട്രിക് വിരലടയാളം സ്വീകരിക്കാതെ തന്നെ പോകാന്‍ ഇനി അനുവദിക്കില്ല.

നാടുകടത്തപ്പെടുന്ന ഓരോ പ്രവാസിയുടെയും ലിംഗഭേദമില്ലാതെ ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള നടപടികള്‍ ഞായറാഴ്ച മുതല്‍ നാടുകടത്തല്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ആരംഭിക്കുമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിരലടയാളമെടുക്കുന്ന പ്രക്രിയ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. തട്ടിപ്പുകള്‍ പരമാവധി തടയുന്നതിനാണിത്.

നാടുകടത്തപ്പെട്ടവരില്‍ ചിലര്‍ വ്യാജ പാസ്‌പോര്‍ട്ടുകള്‍ സംഘടിപ്പിച്ച് വിരലുകളിലും ചിലപ്പോള്‍ മുഖത്തുപോലും രൂപമാറ്റ ശസ്ത്രക്രിയ നടത്തി തിരിച്ചെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നാടുകടത്താനുള്ളവരില്‍ പാസ്‌പോര്‍ട്ട് ഇല്ലാത്തവര്‍ക്കും പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവര്‍ക്കും ഇവ ലഭ്യമാക്കുന്നതിന് തല്‍ഹ ജയിലിലെ നാടുകടത്തല്‍ വകുപ്പ് വിവിധ രാജ്യങ്ങളുടെ എംബസികളുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചുവരികയാണ്.

പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 1,500 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ഈ ജയിലിനുള്ളത്. പരിശോധന ശക്തമാക്കിയതോടെ പിടിയിലാവുന്നവരെ മുഴുവന്‍ പാര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ജിലീബ് അല്‍ ഷുയൂഖിലെയും ഖൈത്താനിലെയും ഉപയോഗിക്കാത്ത രണ്ട് സ്‌കൂളുകളെ തടങ്കല്‍പാളയമാക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പോലീസ് ലോക്കപ്പുകളിലും നാടുകടത്തല്‍ കേന്ദ്രങ്ങളിലുമുള്ള തിരക്ക് ലഘൂകരിക്കാന്‍ കൂടിയാണ് സ്‌കൂള്‍ കെട്ടിടം വിട്ടുകൊടുക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയ ശേഷം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കും.

താമസനിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പുറമേ ഈ നിയമംലംഘിച്ചവര്‍ക്ക് സഹായം നല്‍കുന്ന പ്രവാസികളെയും നാടുകടത്തും. റെസിഡന്‍സി പെര്‍മിറ്റ് ഇല്ലാത്തവര്‍ക്ക് ജോലി നല്‍കുകയോ താമസസൗകര്യം നല്‍കുകയോ അഭയംനല്‍കുകയോ ചെയ്യുന്നവരെ നാടുകടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍മേഖല നിയമാനുസൃതമാക്കാന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ നേരത്തേ പുറപ്പെടുവിച്ച നിര്‍ദേശത്തിന്റെ തുടര്‍ച്ചയായാണ് നടപടി. ഒന്നര ലക്ഷം താമസനിയമലംഘകരെ പുറന്തള്ളി തൊഴില്‍ മേഖല നിയമാനുസൃതമാക്കാനാണ് നീക്കം. ഈ വര്‍ഷം ആഗസ്ത് 19 വരെ 25,000ത്തിലധികം പ്രവാസികളെയാണ് കുവൈത്ത് നാടുകടത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.