സ്വന്തം ലേഖകൻ: രക്തപരിശോധനയിൽ കൃത്രിമം കാണിച്ചതിന് ഇന്ത്യൻ, ഈജിപ്ഷ്യൻ സ്വദേശികളായ എട്ടുപേർക്ക് 10 വർഷം തടവുശിക്ഷ. കൈക്കൂലി വാങ്ങി വ്യാജ ഫലം നൽകിയ കേസിലാണ് കോടതി വിധി. റെസിഡൻസി ഇടപാടുകൾക്കുവേണ്ടി ഇവർ വ്യാജ രക്തപരിശോധനഫലം നൽകുകയായിരുന്നു.
താമസരേഖ പുതുക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ലാബ് പരിശോധനയില്‍ ശാരീരികക്ഷമത കാണിക്കുന്ന ‘ഫിറ്റ്’ സർട്ടിഫിക്കറ്റ് ഇവർ കൃത്രിമമായി നിർമിച്ച് കൈമാറുകയായിരുന്നു. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഇന്ത്യക്കാരും ഈജിപ്‌ത് സ്വദേശിയും അടങ്ങുന്ന ആരോഗ്യജീവനക്കാര്‍ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് പിടികൂടിയത്.
വിദേശികളില്‍നിന്ന് ഇടനിലക്കാര്‍ വഴി പണം വാങ്ങിയാണ് ഇടപാടുകൾ നടത്തിയിരുന്നത്. രക്തസാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് പരിശോധനക്ക് കൊണ്ടുപോകുമ്പോൾ ഹെൽത്ത് ഇൻസ്പെക്ടറുടെയും സെക്യൂരിറ്റി ജീവനക്കാരന്റെയും സഹായത്തോടെയാണ് കൃത്രിമം നടത്തിയിരുന്നത്. ഏഷ്യൻ പൗരനായ ഒരാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മറ്റു പ്രതികളുടെ അറസ്റ്റിലേക്ക് എത്തിയത്.
ഇയാളെ ചോദ്യംചെയ്തപ്പോൾ സർട്ടിഫിക്കറ്റിനായി പണം നൽകിയതായി സമ്മതിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ പേർ പിടിയിലായത്. സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്തുന്നതും വ്യാജമായി നിര്‍മിക്കുന്നതും ഗൗരവ കുറ്റകൃത്യമായണ് കുവൈത്ത് കണക്കാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല