1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 7, 2021

സ്വന്തം ലേഖകൻ: കൊവിഡ് വൈറസിന്‍റെ പുതിയ ഒമിക്രോണ്‍ വൈറസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സാമൂഹിക പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുള്ള നീക്കവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. രാജ്യത്തെ മാളുകളിലേക്കും മറ്റുമുള്ള പ്രവേശനത്തിന് കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കാനാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട ശുപാര്‍ശ കോവിഡ് എമര്‍ജന്‍സിക്കായുള്ള സുപ്രിം കമ്മിറ്റി മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ സാഹചര്യത്തില്‍ പരമാവധി ആളുകളെ കൊണ്ട് ബൂസ്റ്റര്‍ ഡോസ് എടുപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗായാണിത്.

പൊതു ഇടങ്ങളിലെ പ്രവേശനത്തിന് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായി ഇമ്മ്യൂണിറ്റി, മൈ കുവൈത്ത് മൊബൈല്‍ ആപ്പുകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ഇതിനായി ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ കൂടി ഉള്‍പെടുത്താന്‍ അധികൃതര്‍ നീക്കമാരംഭിച്ചു. ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ ഡിജിറ്റല്‍ സിവില്‍ ഐഡിയില്‍ ഉള്‍പ്പെടുത്താനുള്ള നിര്‍ദേശം സുപ്രീം എമര്‍ജന്‍സി കമ്മിറ്റിയുടെ പരിഗണയിലാണ്. ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ക്ക് ആളുകള്‍ക്ക് ലഭ്യമാക്കാന്‍ ആപ്പുകള്‍ ഉപയോഗിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്.

നിലവില്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ഓറഞ്ചു നിറത്തിലും രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് പച്ച നിറത്തിലുമാണ് സിവില്‍ ഐഡി ആപ്ലിക്കേഷനില്‍ സ്റ്റാറ്റസ് കാണിക്കുന്നത്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് വിവരങ്ങള്‍ കൂടി വരുന്നതോടെ ഈ സ്റ്റാറ്റസില്‍ മാറ്റങ്ങള്‍ വരും. നിലവില്‍ വാണിജ്യ സമുച്ചയങ്ങള്‍, മന്ത്രാലയങ്ങള്‍, പള്ളികള്‍, പൊതുഗതാഗതം തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവേശനത്തിന് ഗ്രീന്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്. ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരുടെ ആപ്പില്‍ ഏത് നിറമാകും നല്‍കുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബൂസ്റ്റര്‍ ഡോസ് എടുത്തവരുടെ നിറം പച്ചയും എടുക്കാത്തവരുടെ സ്റ്റാറ്റസ് ഓറഞ്ചുമായി മാറാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് മൊബൈല്‍ ഐഡി ആപ്പ് അപ്‌ഡേറ്റ് ചെയ്യും. ഇതോടെ പൊതു സ്ഥാപനങ്ങളിലെ പ്രവേശനത്തിന് ബൂസ്റ്റര്‍ ഡോസും നിര്‍ബന്ധമാക്കുമെന്നാണ് സൂചന.

അതിനിടെ, ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ രണ്ടാം ഡോസ് എടുത്ത് മൂന്നു മാസം പൂര്‍ത്തിയാവുന്നവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യാന്‍ ആലോചിക്കുന്നതായും അധികൃതര്‍ അറിയിച്ചു. നിലവില്‍ ആറു മാസമാണ് ബൂസ്റ്റര്‍ ഡോസിന് മുമ്പുള്ള ഇടവേളയായി നിശ്ചയിച്ചിരിക്കുന്നത്. വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, വയോജനങ്ങള്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങളില്‍ ഇത് ആദ്യം നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഒമിക്രോണ്‍ വൈറസ് വ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്നോട്ടു വരണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

ഒമിക്രോണ്‍ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാജ്യത്തേക്ക് സന്ദര്‍ശക വിസയും ടൂറിസ്റ്റ് വിസയും അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഒമിക്രോണ്‍ വ്യാപനം തടയാന്‍ അതിര്‍ത്തികള്‍ അടച്ചിടുന്നത് പ്രയോജനം ചെയ്യില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാടെന്നും കുവൈത്ത് പോലുള്ള വാക്സിനേഷന്‍ ശതമാനം 80നു മുകളിലുള്ള രാജ്യങ്ങളില്‍ മറ്റ് പ്രതിരോധ നടപടികളാണ് ഉചിതമെന്നും ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ബോസ്റ്റര്‍ ഡോസ് എടുക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.