സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധ ഭാഗമായി ഏർപ്പെടുത്തിയ മൂന്ന് ഇലക്ട്രോണിക് പ്ലാറ്റുഫോമുകൾ വ്യോമയാന വകുപ്പ് അധികൃതർ തൽക്കാലം റദ്ദാക്കി. മുന, ബിൽ സലാമ, കുവൈത്ത് മുസാഫിർ പോർട്ടലുകളാണ് റദ്ദാക്കിയത്. കുവൈത്തിലേക്ക് വരുന്ന യാത്രക്കാരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനായി ഉപയോഗിച്ചിരുന്ന കുവൈത്ത് മുസാഫിർ ഓൺലൈൻ പ്ലാറ്റ്ഫോമും ഗാർഹിക ജോലിക്കാർ കുവൈത്തിലേക്ക് മടങ്ങിവരുമ്പോൾ രജിസ്റ്റർ ചെയ്യേണ്ടിയിരുന്ന ബിൽസലാമ ആപ്ലിക്കേഷനും പി.സി.ആർ സർട്ടിഫിക്കറ്റിന്റെ ആധികാരികത ഉറപ്പാക്കാനായി ഉപയോഗിച്ചിരുന്ന മുന ആപ്ലിക്കേഷനുമാണ് താൽക്കാലികമായി റദ്ദാക്കിയത്.
കോവിഡിനെ തുടർന്നുണ്ടായ യാത്രാനിയന്ത്രണങ്ങളുടെ ഭാഗമായാണ് കുവൈത്ത് സിവിൽ ഏവിയേഷൻ വകുപ്പ് ആപ് രജിസ്ട്രേഷൻ നിർബന്ധമാക്കിയിരുന്നത്. ബുധനാഴ്ച മുതൽ കുവൈത്തിലേക്കുവരുന്ന യാത്രക്കാർ ഈ മൂന്ന് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കേണ്ടതില്ലെന്നു ഡി.ജി.സി.എ അറിയിച്ചു.
കോവിഡ് നിയന്ത്രണം എടുത്തുമാറ്റുകയും വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിൽ ആവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. അതേസമയം, ആരോഗ്യ മന്ത്രാലയത്തിന്റെ ശ്ലോനിക്, ഇമ്യൂൺ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം പഴയതുപോലെ തുടരും. ഇമ്യൂൺ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവരെ യാത്രക്ക് മുമ്പുള്ള പി.സി.ആർ സർട്ടിഫിക്കറ്റ്, രാജ്യത്തെത്തിയ ശേഷമുള്ള ക്വാറൻറീൻ എന്നീ നിബന്ധനകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല