1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2023

സ്വന്തം ലേഖകൻ: രാജ്യത്തെ തൊഴില്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും വ്യാജന്‍മാരെ കണ്ടെത്തി ഒഴിവാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 16,000 പ്രവാസികളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അധികൃതര്‍ പരിശോധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സുമായി സഹകരിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ നേതൃത്വത്തിലാണ് സര്‍ട്ടിഫിക്കറ്റ് പരിശോധനകള്‍ നടത്തുന്നത്. രാജ്യത്ത് വിവിധ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ യോഗ്യതകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ ഖബസ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇതില്‍ ഏറ്റവും കൂടുതല്‍ ഊന്നല്‍ നല്‍കുന്നത് എഞ്ചിനീയറിംഗ് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനാണ്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറുമായി സഹകരിച്ച് നടത്തുന്ന പരിശോധനയില്‍ എഞ്ചിനീയര്‍മാരുടെ യോഗ്യതകള്‍ പരിഗണിക്കുന്നതിനായി എഞ്ചിനീയേഴ്‌സ് സൊസൈറ്റിയില്‍ അടുത്തിടെ 5,248 അപേക്ഷകള്‍ ലഭിച്ചതായും അധികൃതര്‍ അറിയിച്ചു. എഞ്ചിനീയര്‍മാരുടേതിനു പുറമെ, അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്നവരുടേത് ഉള്‍പ്പെടെയാണ് 16,000 താമസക്കാരുടെ യോഗ്യതകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.

ഇതിനകം നടത്തിയ എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ 81 സര്‍ട്ടിഫിക്കറ്റുകള്‍ അക്രഡിറ്റേഷന്‍ ആവശ്യകതകള്‍ പാലിക്കുന്നില്ലെന്ന് എഞ്ചിനീയേഴ്‌സ് സൊസൈറ്റി കണ്ടെത്തി. അവയില്‍ ഏഴ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായിരുന്നു. 14 ഇന്ത്യക്കാര്‍ക്കും 16 ഈജിപ്തുകാര്‍ക്കും അക്രഡിറ്റേഷന്‍ ആവശ്യകതകള്‍ പാലിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ കൂടുതലും ഇന്ത്യക്കാരും ഈജിപ്തുകാരുമാണ്.

ഈ രണ്ടു രാജ്യക്കാരില്‍ നിന്നുള്ളവരാണ് മൊത്തം അപേക്ഷകരില്‍ 70 ശതമാനവുമെന്നും അധികൃതര്‍ അറിയിച്ചു. പുതിയ സാഹചര്യത്തില്‍, എഞ്ചിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ അംഗത്വത്തോടെ ഒരു ദേശീയ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ ഉദ്ദേശ്യമുണ്ടെന്നും എഞ്ചിനീയേഴ്‌സ് സൊസൈറ്റി മേധാവി ഫൈസല്‍ അല്‍ അദ്ല്‍ വെളിപ്പെടുത്തി.

കുവൈത്ത് പൗരന്‍മാര്‍ അല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്‍ ‘എഞ്ചിനീയര്‍’ എന്ന് രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യത്തില്‍ കുവൈത്തിന്റെ നിലപാട് ഉറച്ചതാണെന്നും അധികൃതര്‍ വ്യക്തമാക്കി. അത് ഒരു ഏകീകൃത വ്യവസ്ഥ അനുസരിച്ചാണ് ചെയ്യുന്നത്. പരിചയസമ്പന്നരായ ആളുകളെ കൊണ്ടുവരിക എന്നതാണ് നിലവില്‍ രാജ്യത്തെ കമ്പനികള്‍ സ്വീകരിച്ചിരിക്കുന്ന രീതി എന്നതിനാല്‍, വിദേശത്ത് നിന്ന് പുതുതായി ബിരുദം നേടിയ എഞ്ചിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തുമെന്ന് അല്‍ അദ്ല്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.